26 April Friday

യുവ ആർകിടെക്‌റ്റ്‌ ഫെസ്‌റ്റിവൽ
ഒക്‌ടോ. 27ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോഴിക്കോട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്റ്റ്സ്  കാലിക്കറ്റ് സെന്റർ സംഘടിപ്പിക്കുന്ന യങ് ആർകി ടെക്റ്റ്‌സ്‌ ഫെസ്റ്റിവെൽ ‘ക്രോസ് റോഡ്സ്’ ഒക്‌ടോബർ 27ന്‌ തുടങ്ങും. കാലിക്കറ്റ് ട്രേഡ് സെന്ററിലും സ്വപ്‌നനഗരിയിലെ ഓപ്പൺ സ്റ്റേജിലും നാലുവേദികളിലായി 27, 28, 29 ദിവസങ്ങളിലാണ്‌ പരിപാടി. വിദേശത്തേയും ഇന്ത്യയിലേയും പ്രമുഖരായ  ആർകിടെക്റ്റുകൾ, ക്യൂറേറ്റർമാർ, ചിന്തകർ, എഴുത്തുകാർ, സിനിമാപ്രവർത്തകർ തുടങ്ങി 1500പേർ പരിപാടിക്കായി കോഴിക്കോട്ടെത്തും. ഇന്ത്യയിലെ വാസ്തുവിദ്യയും സംസ്‌കാരവും പ്രമേയമായാണ്‌ ഫെസ്‌റ്റിവൽ.  
 ലോകപ്രശസ്ത  വാസ്തുശിൽപ്പികളാൽ രൂപകൽപ്പനചെയ്ത് കോഴിക്കോടിനെ മാതൃകാനഗരമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫെസ്‌റ്റെന്ന്‌  ഐഐഎ കോഴിക്കോട് സെന്റർ ചെയർപേഴ്‌സൺ പി പി  വിവേക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ വാസ്തുശിൽപ്പികൾ പങ്കെടുക്കുന്ന ശിൽപ്പശാല, ദേശീയതലത്തിൽ രൂപകൽപ്പന മത്സരങ്ങൾ എന്നിവയുമുണ്ടാകും. പൊതുജനങ്ങൾക്ക്‌ പ്രദർശനവുമുണ്ട്‌.  
 കോഴിക്കോട് നഗരരൂപകൽപ്പന പ്രമേയമായുള്ള മൂന്ന്‌ ശിൽപ്പശാലകളാണ്‌ പ്രധാനം. ‘റീവീവ് കോഴിക്കോട്’ മാനാഞ്ചിറയും കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയും ചുറ്റുമുള്ള റോഡുകളും സംയോജിപ്പിച്ചുള്ള വാസ്‌തുശിൽപ്പ രൂപകൽപ്പനാമത്സരമാണ്‌ ഇതിൽ പ്രധാനം. മികച്ച രൂപകൽപ്പനക്ക്‌ അഞ്ചുലക്ഷം, മൂന്നുലക്ഷം, ഒരുലക്ഷം വീതം സമ്മാനമായി നൽകും.
 പഴയ കോഴിക്കോട് കോർപറേഷൻ ഓഫീസും പട്ടുതെരുവും  സംരക്ഷിച്ചുള്ള മനോഹരമായ ചത്വരം രൂപകൽപ്പനചെയ്യാനുള്ള ദ്വിദിന ശിൽപ്പശാലയുമുണ്ട്‌. ശ്രീലങ്കൻ ആർകിടെക്റ്റ്  പലിന്ത കണ്ണങ്കരയാണ്‌  നയിക്കുക. 
കോഴിക്കോട് ബീച്ചിലെ കാടുകയറിയ ലയൺസ് പാർക്ക് നവീകരണം ആർകിടെക്റ്റ് മാധവ് രാമന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ  രൂപകൽപ്പനചെയ്യും. വാർത്താസമ്മേളനത്തിൽ ഐഐഎ കേരള ചാപ്റ്റർ വൈസ് ചെയർമാൻ ആർകിടെക്റ്റ് വിനോദ് സിറിയക്, ബ്രിജേഷ് ഷൈജാൾ, പി പി വിവേക്,  ശ്യാംസലീം, പ്രോഗ്രാം കൺവീനർ ആർക്കിടെക്റ്റ് നിമിഷ ഹക്കീം, കൺവീനർ കീർത്തി സുവർണൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top