27 April Saturday

നഷ്‌ടമായത്‌ 
നഗരത്തിന്റെ സൗമ്യമുഖം

സ്വന്തം ലേഖികUpdated: Friday May 27, 2022
 
കോഴിക്കോട്‌ 
നഗരപിതാവായും ജനപ്രതിനിധിയായും വർഷങ്ങളോളം കോഴിക്കോടിന്റെ മുഖമായിരുന്നു അഡ്വ. എ ശങ്കരൻ. സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യം. 10  വർഷം  ജനപ്രതിനിധിയായി നഗരത്തിന്റെ വളർച്ചക്കും വികസനത്തിനും മുൻനിരയിലുണ്ടായി. 
അഡ്വ. എ ശങ്കരൻ  മരാമത്ത്‌ സമിതി അധ്യക്ഷനായിരിക്കെയാണ്‌ പൊതുപരിപാടികൾക്കായി  ബീച്ച്‌ ഓപ്പൺ സ്‌റ്റേജ്‌ നിർമിച്ചത്‌. മേയറായി  ഒരുവർഷം മാത്രമാണ് സേവനമുണ്ടായത്‌. ഈ കാലയളവിലെല്ലാം നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കാനുണ്ടായി. പാരീസിൽ  ലോക മേയർ സമ്മേളനത്തിന് പങ്കെടുത്ത്‌ കോഴിക്കോടിന്റെ പ്രതിനിധിയാവാനും സാധിച്ചു. 
വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ദേവഗിരി കോളേജ്‌, ഫാറൂഖ്‌ കോളേജ്‌, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കക്കട്ടിൽ ആയാടത്തിൽ വീട്ടിൽനിന്നുള്ള  ശങ്കരൻ പഠനത്തിനായാണ്‌ നഗരത്തിലെത്തിയത്‌.   ദേവഗിരി കോളേജിലെ  പ്രീഡിഗ്രി പഠനകാലത്താണ്‌ കെഎസ്‌ യുവിലൂടെ രാഷ്‌ട്രീയത്തിലെത്തിയത്‌.  ബിരുദ പഠനത്തിന്‌ എറണാകുളം ലോ കോളേജിലായിരുന്നു. എഴുത്തുകാരനും വാഗ്‌മിയുമായിരുന്ന സുകുമാർ അഴീക്കോടുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. 
ചാലപ്പുറത്തെ വീട്ടിലും ടൗൺഹാളിലും പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം നിരവധിപേരെത്തി. 
ഗോവ ഗവർണർ പി എസ്‌ ശ്രീധരൻ പിള്ള, കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌, മുൻ മേയർമാരായ ടി പി ദാസൻ, ഒ രാജഗോപാൽ, സി ജെ റോബിൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, കൗൺസിലർമാരായ ഈസ അഹമ്മദ്‌,  എൻ സി മോയിൻകുട്ടി, കെ സി ശോഭിത, പി ഉഷാദേവി,  എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌ തുടങ്ങി നിരവധിപേർ ആദരമർപ്പിച്ചു. വൈകിട്ട്‌ പുതിയപാലം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top