27 April Saturday

തർക്കം മുറുകി കൊയിലാണ്ടിക്കായി മുല്ലപ്പള്ളിയും

സ്വന്തം ലേഖകന്‍Updated: Saturday Feb 27, 2021
കോഴിക്കോട്‌
കൊയിലാണ്ടി നിയമസഭാ സീറ്റിൽ കണ്ണുനട്ട്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും. നിലവിൽ മൂന്നുപേർ ഈ മണ്ഡലത്തിനായി പിടിവലി നടത്തുന്നതിനിടെയാണ്‌ കലക്കവെള്ളത്തിൽ മീൻപിടിച്ച്‌ സീറ്റ്‌ സ്വന്തമാക്കാൻ മുല്ലപ്പള്ളിയും എത്തുന്നത്‌. കൊയിലാണ്ടിയിൽ പാർടിയിൽ രൂക്ഷമായ ഭിന്നതയുള്ളതിനാൽ മത്സരിക്കാൻ തയ്യാറാണെന്നാണ്‌ മുല്ലപ്പള്ളിയുടെ നിലപാട്‌. ഇതിനെതിരെ കോൺഗ്രസിൽ പടലപ്പിണക്കം ശക്തമായി.
കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യൻ, കെ പി അനിൽകുമാർ എന്നിവർക്കു പിറകെ ഡിസിസി പ്രസിഡന്റ്‌ യു രാജീവനെ ഇറക്കി സീറ്റ്‌ പിടിച്ചെടുക്കാൻ എ ഗ്രൂപ്പും രംഗത്തെത്തി. ഐ ഗ്രൂപ്പുകാരനായ സുബ്രഹ്മണ്യൻ തുടക്കം മുതൽ സീറ്റിനായി രംഗത്തുണ്ട്‌. അതിനിടെയാണ്‌ കെ സി വേണുഗോപാൽ ഗ്രൂപ്പുകാരിലേക്ക്‌ മാറിയ അനിൽകുമാറിന്റെ വരവ്‌. മലബാറിലെ ചുമതലക്കാരനും എഐസിസി സെക്രട്ടറിയുമായ പി വി മോഹന്റെ പിന്തുണയോടെയാണ്‌ അനിൽകുമാറിന്റെ കരുനീക്കം. 
ഐ ഗ്രൂപ്പ്‌ സ്ഥിരമായി മത്സരിക്കുന്ന കൊയിലാണ്ടി ഇത്തവണ സ്വന്തം പക്ഷത്തേക്ക്‌ കൊണ്ടുവരാനാണ്‌ എ ഗ്രൂപ്പ്‌ ചരടുവലി. ഇതിനായി അവർ രംഗത്തിറക്കുന്നത്‌ ഡിസിസി പ്രസിഡന്റ്‌ യു രാജീവനെയാണ്‌. കൊയിലാണ്ടിക്കാരൻ കൂടിയായ രാജീവന്റെ വരവോടെ കോൺഗ്രസിൽ തർക്കം രൂക്ഷമായി. തർക്കത്തിൽ മുല്ലപ്പള്ളി ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്‌. അതിനിടെയാണ്‌ തർക്കം നിലനിർത്തി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ മുല്ലപ്പള്ളി രംഗത്ത്‌ സജീവമായത്‌. 
  കൽപ്പറ്റയിൽ മത്സരിക്കാൻ മുല്ലപ്പള്ളിക്ക്‌ ‌ആഗ്രഹമുണ്ടായിരുന്നു. പ്രാദേശിക എതിർപ്പുകൾ കാരണം പിൻവാങ്ങി. വടകരയിൽ മത്സരിക്കാനുള്ള മോഹവും നടന്നില്ല. അതിനിടെയാണ്‌ കൊയിലാണ്ടിയിലേക്കുള്ള നോട്ടം. ‘വെടക്കാക്കി തനിക്കാക്കൽ’ തന്ത്രമാണ്‌ കൊയിലാണ്ടിയിൽ മുല്ലപ്പള്ളി പയറ്റുന്നതെന്നാണ്‌ എതിർവിഭാഗത്തിന്റെ ആരോപണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top