27 April Saturday

കത്തറ ഫെസ്റ്റിലേക്ക്’ ബേപ്പൂരിന്റെ കുഞ്ഞൻ ഉരുവും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ബേപ്പൂർ ചാലിയം പട്ടർമാട് തുരുത്തിൽ നിർമാണം പൂർത്തിയാകുന്ന പ്രത്യേക കുഞ്ഞൻ ഉരു

സ്വന്തം ലേഖകൻ
ഫറോക്ക്
ലോകകപ്പ്‌ ഫുട്ബോൾ മാമാങ്കത്തിന് അഴകേകാൻ ബേപ്പൂരിന്റെ സ്വന്തം ഉരു ഖത്തറിലേക്ക്. പതിവായി അറേബ്യയിലേക്കയക്കുന്ന ഭീമൻ ആഡംബര ഉരു പോലെയല്ല, നൂറ്റാണ്ടുകൾക്ക് മുമ്പ് കമ്പിയും ആണിയും ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്ത്‌ കയറും ചകിരിനാരുമുപയോഗിച്ച്‌ നിർമിച്ചിരുന്നതരത്തിലുള്ള കുഞ്ഞൻ ഉരുവാണ് ബേപ്പൂരിന്റെ പെരുമയറിയിച്ച് ഖത്തർ തലസ്ഥാനമായ ദോഹയിലെത്തുക.
ഇരുമ്പാണികൾക്ക് പകരം പൂർണമായി കയറും കയർ ഉല്പന്നവും ഉപയോഗിച്ച് തേക്കുതടികൾ കൂട്ടിയോജിപ്പിച്ചാണ് ഉരു നിർമിക്കുന്നത്. 2022 നവംബർ 21ന് തുടങ്ങുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ദോഹയിൽ നടക്കുന്ന "കത്തറ ട്രെഡീഷണൽ ഡോവ് ഫെസ്റ്റിവലിൽ’ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബേപ്പൂരിന്റെ കുഞ്ഞനുരു പ്രദർശിപ്പിക്കുന്നത്. 1885 മുതൽ ഉരുനിർമാണ രംഗത്തുള്ള ഹാജി പി ഐ അഹമ്മദ് കോയ കമ്പനിയാണ് ചാലിയം പട്ടർമാട് തുരുത്തിൽ ഉരു നിർമിക്കുന്നത്.
അറേബ്യൻ വാണിജ്യ-വ്യാപാര മേഖലയുടെ നെടുംതൂണായ പാരമ്പരാഗത ജലയാനങ്ങളുടെ പ്രദർശനവും വിൽപ്പനയും  ലക്ഷ്യമിട്ട്‌ എല്ലാ വർഷവും നടക്കുന്ന കത്തറ ഡോവ് ഫെസ്റ്റിൽ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഈ വർഷവും അടുത്ത വർഷം സമ്പൂർണമായും ലോകകപ്പിന്റെ പ്രചാരണമായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. 
മറ്റു ഉരുക്കളിൽനിന്ന്‌ വ്യത്യസ്തമായി  27 അടി നീളവും ഏഴടി വീതിയും ആറരയടി ഉയരവും മാത്രമുള്ള ഉരുവിൽ 2000 മീറ്റർ ചൂടിക്കയറാണ് ഉപയോഗിച്ചിരിക്കുന്നത്. കയർ ഉപയോഗിച്ച് ബലപ്പെടുത്താൻ 5200 ദ്വാരങ്ങളുണ്ടാക്കി. 2600 തുന്നിക്കെട്ടുകളിട്ടു. 200 ചകിരിത്തൊണ്ടുകൾ വേറെയും ഉപയോഗിച്ചു. ബേപ്പൂർ സ്വദേശി ഇ പി ഗോകുൽദാസ് മേസ്തിരിയുടെ നേതൃത്വത്തിൽ എട്ട്‌ വിദഗ്ധർ  നാലുമാസം ഇടവിടാതെ പണിയെടുത്താണ് ഉരു നിർമാണം പൂർത്തിയാക്കിയത്. നൂറ്റാണ്ടുകൾ വെള്ളത്തിൽ കിടന്നാലും കേടുവരാത്തരീതിയിലുള്ളതാണ് പരമ്പരാഗത നിർമാണ രീതി. ഇപ്പോൾ അവസാന കൊത്തുപണി നടന്നുവരികയാണ്. വൈകാതെ ഖത്തറിലേക്ക് കൊണ്ടുപോകുമെന്ന് നിർമാണ കമ്പനി പ്രതിനിധി പി ഒ ഹാഷിം പറഞ്ഞു.
ഖത്തറിലേക്കയക്കാൻ തിങ്കളാഴ്ച ഒരു ഭീമൻ ഉരു നീറ്റിലിറക്കിയതിനൊപ്പം ഇതിലും വലിയ മറ്റൊരു ഉരുവും വൈകാതെ ഇറക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top