26 April Friday

നാദാപുരം പഞ്ചായത്ത്‌ ഭരണസമിതി 
യോഗത്തിൽ എൽഡിഎഫ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

നാദാപുരം പഞ്ചായത്ത് ഓഫീസ് കവാടത്തിൽ എൽഡിഎഫ് അംഗങ്ങളുടെ ധർണ പി പി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

നാദാപുരം 
നാദാപുരം പഞ്ചായത്തിലെ വികസനമുരടിപ്പിനും അഴിമതിക്കുമെതിരെ ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധിക്കുന്നവർക്കുനേരെ യുഡിഎഫ്‌ അംഗങ്ങൾ ബഹളംവച്ചു. വാക്കേറ്റവുമുണ്ടായി. ഇതിനെ തുടർന്ന്  യോഗത്തിൽനിന്നും ഇറങ്ങിപ്പോയ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത്‌ പ്രവേശനകവാടത്തിൽ ധർണ നടത്തി.
തങ്ങൾ ഭരണസമിതിയിലുന്നയിച്ച കാര്യങ്ങൾക്ക് മറുപടി നൽകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രസിഡന്റ്‌ സ്വീകരിച്ചതെന്ന്‌ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. ഭരണസമിതി അധികാരമേറി രണ്ടുവർഷം തികയുമ്പോഴും അടിസ്ഥാന സൗകര്യ മേഖലകളിലുൾപ്പെടെ യാതൊരു വികസന പ്രവർത്തനവും നടന്നിട്ടില്ല. പ്രസിഡന്റിന്റെ നിഷേധാത്മക സമീപനം കാരണം സ്തംഭനാവസ്ഥയിലാണ് പഞ്ചായത്ത്. കല്ലാച്ചി മിനി ബൈപാസ്, ചേലക്കാട് വില്യാപ്പള്ളി റോഡ് വികസനം എന്നിവ പ്രസിഡന്റിന്റെ നിസ്സംഗതയാൽ മുടങ്ങിക്കിടക്കുകയാണ്. 
നാട്ടുകാരുടെ പരാതിയിൽ അടച്ചുപൂട്ടിയ കാർ വാഷിങ് കേന്ദ്രത്തിന്‌ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്‌ പ്രവർത്തിക്കാൻ അനുമതി നൽകിയത്‌. അനധികൃത നിർമാണങ്ങൾക്കെതിരെയും കൈയേറ്റക്കാർക്കെതിരെയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ നടപടിയെടുക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുകയാണ്.  വികസന പ്രവർത്തനങ്ങളോട് മുഖംതിരിഞ്ഞ് നിൽക്കുന്ന ഭരണസമിതി അഴിമതിക്കാർക്കും കൈയേറ്റക്കാർക്കും സഹായം നൽകുകയാണെന്നും എൽഡിഎഫ് ആരോപിച്ചു.
ധർണ പി പി ബാലകൃഷ്‌ണൻ  ഉദ്ഘാടനംചെയ്തു. എ കെ ബിജിത്ത് അധ്യക്ഷനായി. എ ദിലീപ് കുമാർ, നിഷ വി സി, ടി ലീന, റോഷ്‌ന പിലക്കാട്ട് എന്നിവർ സംസാരിച്ചു. വി പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top