26 April Friday

ഇനി കടൽത്തിരയിൽ തെന്നിമറിയാം

സ്വന്തം ലേഖകൻUpdated: Tuesday Jan 25, 2022

തിരുവനന്തപുരത്ത്‌ നടക്കുന്ന സർഫിങ്‌ പരിശീലനത്തിൽ നിന്ന്‌

കോഴിക്കോട്‌

കടലിന്റെ ഓളത്തിൽ തിരകളിൽ ഊളിയിട്ടും സർഫ്‌ ബോർഡുകളിൽ തെന്നിയും തെറിച്ചും നീങ്ങുന്ന സാഹസികത ഇനി കോഴിക്കോടിനും സ്വന്തം. ബേപ്പൂർ, ഗോതീശ്വരം കാറ്റാടി ബീച്ച്‌, മാറാട്‌ എന്നിവിടങ്ങളിലേക്ക്‌ സർഫിങ്‌ വിരുന്നെത്തുകയാണ്‌. ഇതിന്‌ മുന്നോടിയായി ബേപ്പൂരിൽ നിന്നുള്ള പത്താളുകൾക്ക്‌ തിരുവനന്തപുരം കോവളത്തും വർക്കലയിലുമായി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

ഇതുവരെ കോഴിക്കോട്ടുകാർക്ക്‌ അന്യമായിരുന്ന സർഫിങ്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ മുൻകൈയിലാണ്‌ ഇവിടേയ്‌ക്ക്‌ എത്തിക്കുന്നത്‌. നേരത്തേ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കോഴിക്കോട്ടെ സർഫിങ്‌ സാധ്യത പരിശോധിക്കാൻ ധാരണയായിരുന്നു. ഇതനുസരിച്ച്‌ സർഫിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ സാങ്കേതിക വിഭാഗം പരിശോധന നടത്തിയാണ്‌ മൂന്ന്‌ ബീച്ചുകൾ അനുയോജ്യമാണെന്ന്‌ കണ്ടെത്തിയത്‌. കൂറ്റൻ തിരമാലകൾ ഇല്ലാത്ത കടൽത്തീരങ്ങളാണ്‌ സർഫിങ്ങിന്‌ യോജിച്ചത്‌. 

കോവളം സർഫ്‌ ക്ലബ്ബ്‌, വർക്കല മൂൺവേവ്‌ സർഫ്‌ സ്കൂൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ മൂന്ന്‌ മാസത്തെ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക്‌ സർഫ്‌ ഫെഡറേഷന്റെ ലൈസൻസ്‌ നേടാനുള്ള പരിശീലനത്തിനും അവസരമുണ്ടാകും. ഇവർക്ക്‌ നാട്ടിലെത്തി കൂടുതലാളുകളെ പരിശീലിപ്പിക്കാം. കൂടാതെ വിനോദ സഞ്ചാരികളെയും സർഫിങ്ങിൽ പങ്കെടുപ്പിക്കാം.

വർക്കലയിലും കോവളത്തും മാത്രമാണ്‌ നിലവിൽ ഫെഡറേഷൻ അനുമതിയോടെ സർഫിങ്‌ നടക്കുന്നത്‌. പദ്ധതി വിജയകരമായി നടപ്പാക്കുന്നതോടെ കോഴിക്കോട്ടെ സാഹസിക ടൂറിസം മേഖലയ്‌ക്ക്‌ പുതിയ ഉണർവുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top