26 April Friday

വരുന്നു കോഴിക്കോടിന്‌ 
അത്യാധുനിക മത്സ്യമാർക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
സ്വന്തം ലേഖകൻ
കോഴിക്കോട്‌
സെൻട്രൽ മാർക്കറ്റിലെ മത്സ്യമാർക്കറ്റ്‌ ആധുനികവൽക്കരിക്കാനുള്ള പദ്ധതിക്ക്‌ കോർപറേഷൻ കൗൺസിൽ അനുമതി. കോടികൾ ചെലവിട്ടുള്ള ആധുനികവൽക്കരണത്തിന്റെ ഡിപിആർ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക്‌ യോഗം നിർദേശംനൽകി. മത്സ്യ സംസ്കരണത്തിനും വിതരണത്തിനും ആധുനിക സംവിധാനങ്ങൾ ഒരുക്കും. നഗരത്തിലെ വികസനത്തിന്‌ കുതിപ്പേകുന്ന പദ്ധതികൾക്കും ഭരണസമിതി അംഗീകാരംനൽകി. കടപ്പുറത്ത്‌ തയ്യാറാക്കുന്ന പെട്ടിക്കടകൾക്ക്‌ അനുമതിനൽകുന്നതിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിന്നപ്പോൾ വോട്ടെടുപ്പ്‌ നടന്നു. 49 വോട്ടുകൾക്ക്‌ പദ്ധതി നടപ്പാക്കാൻ തീരുമാനമായി. പ്രതിപക്ഷത്തിന്‌ 13 വോട്ടുകൾ മാത്രമാണ്‌ ലഭിച്ചത്‌. ഒരേരീതിയിലുള്ള പെട്ടിക്കടകളാണ്‌ കോർപറേഷൻ തയ്യാറാക്കുക. 
 ടാഗോർഹാൾ നവീകരണത്തിനും യോഗം അനുമതിനൽകി.  ടാഗോർ ഹാൾ പുതുക്കിപ്പണിയുന്നതിന്‌ നിലവിലെ കെട്ടിടം പൊളിച്ച് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും ഹാളിലെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കേണ്ടതിനാൽ  ഹാൾ ബുക്ക് ചെയ്തവർക്ക് തുക തിരിച്ചുനൽകുന്നതിനും അനുമതിനൽകി. കിഡ്സൺ കോർണർ, ഇ എം എസ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളിൽ  മൾട്ടി ലെവൽ പാർക്കിങ്‌ പ്ലാസ കം കൊമേഴ്സ്യൽ കോംപ്ലക്സ് സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പാക്കും. അമൃത്‌ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും യോഗം അനുമതിനൽകി.  
ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിലെ ഹോം മാച്ചുകൾ നടത്തുന്നതിന് ഇ എം എസ് സ്റ്റേഡിയം ഗോകുലം ഫുട്ബോൾ ക്ലബ്ബിന് ലൈസൻസ് വ്യവസ്ഥയിൽ  കരാർ പുതുക്കിനൽകുന്നതിന് മൂന്ന് ലക്ഷം  രൂപയായി  ഉയർത്തി.  ബീച്ച്  ആശുപത്രിയുടെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അടിയന്തരമായി നടപ്പാക്കുന്നതിന്   ഫണ്ട്‌ അനുവദിക്കണമെന്ന്‌ സർക്കാരിനോട് പ്രമേയത്തിലുടെ അറിയിച്ചു.  
മേയർ ഡോ. ബീനാഫിലിപ്പ്‌ അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ എസ്‌ ജയശ്രീ, പി ദിവാകരൻ, പി സി രാജൻ, കൃഷ്ണകുമാരി, കൗൺസിലർമാരായ സി എം ജംഷീർ, കെ സി ശോഭിത, സത്യഭാമ,  ഓമന മധു എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top