26 April Friday
● 28ന്‌ പ്രത്യേക ക്യാമ്പ്‌ ● 30 വരെ സമയം

വോട്ടർപട്ടിക പുതുക്കാം

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

 കോഴിക്കോട്‌

വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താനും ഒരു പോളിങ്‌ സ്റ്റേഷനിൽ നിന്നോ നിയമസഭാമണ്ഡലത്തിൽ നിന്നോ മറ്റൊരു പോളിങ്‌ സ്റ്റേഷനിലേക്കോ നിയമസഭാമണ്ഡലത്തിലേക്കോ സ്ഥാനമാറ്റം നടത്താനും 30 വരെ അവസരം. ഇതിനായി ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദേശപ്രകാരം   28ന്‌ ജില്ലയിലെ പോളിങ്‌ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ നടത്തും. ഞായറാഴ്‌ചയും ക്യാമ്പ്‌ നടത്തിയിരുന്നു.
ജനസേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയവ വഴിയും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും www.nvsp.in എന്ന വെബ്സൈറ്റ് വഴിയും തിരുത്തലുകൾ വരുത്താം.  
തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം 2022 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ്‌ വോട്ടർപട്ടിക പുതുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ജില്ലയിൽ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികൾ തുടരുന്നത്‌.  എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആവശ്യമായ തിരുത്തലുകൾ നടത്തി അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 
ജില്ലയിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനും കമീഷൻ നിയോഗിച്ച ഇലക്ടറൽ റോൾ ഒബ്സർവർ നവംബർ 24ന് ജില്ല സന്ദർശിക്കും. തെരഞ്ഞെടുപ്പ് വിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാർടികളുടെ ജില്ലാ പ്രതിനിധികളുമായും ഇവർ സംവദിക്കും. 
ഇതുമായി ബന്ധപ്പെട്ട  വിവരങ്ങൾ ബിഎൽഒമാർ, താലൂക്ക്–--ജില്ലാ ഇലക്‌ഷൻ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്നും ലഭിക്കും. ജില്ലയിലെ രാഷ്ട്രീയ പാർടികൾ വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. തേജ്‌ ലോഹിത്‌ റെഡ്ഡി അഭ്യർഥിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top