27 April Saturday

കൊടിയത്തൂർ സ്കൂൾ ഗ്രൗണ്ട് ജപ്തിചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
മുക്കം  
കൊടിയത്തൂർ ജിഎംയുപി സ്കൂളിനായി പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കോടതി ജപ്തിചെയ്തു. നിർണയിച്ച വില കുറവാണെന്നും വിലകൂട്ടി കിട്ടണമെന്നും കാണിച്ച് സ്ഥലം ഉടമ ഫയൽ ചെയ്ത കേസിന്റെ തുടർ നടപടിയായാണ് സ്‌കൂൾ ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന സ്ഥലം ജപ്തിചെയ്യാൻ ഉത്തരവായത്. ഇതോടെ ഇവിടെ പുതുതായി നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന കെട്ടിടപ്രവൃത്തി അനിശ്ചിതത്വത്തിലായി.
സ്കൂൾ കെട്ടിടത്തിനും ഗ്രൗണ്ടിനുമായി ഉപയോഗിച്ചിരുന്ന 30 സെന്റ് സ്ഥലമാണ് അന്നത്തെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി നിർബന്ധിത അക്വിസിഷൻ നടത്തിയത്. 2008ൽ തുടങ്ങിയ അക്വിസിഷൻ നടപടികൾ 2013ൽ വാല്വേഷൻ തുക അടച്ചാണ് പൂർത്തീകരിച്ചത്. അന്ന് നിർണയിച്ച വില കുറവാണെന്ന് കാണിച്ച് സ്ഥലം ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലം ഉടമക്ക് 65,52,184 രൂപ കൂടി നൽകാൻ കോടതി വിധിച്ചു. ഇതിനെതിരെ കഴിഞ്ഞ ഭരണസമിതി അപ്പീൽ നൽകിയിരുന്നു. ഇതിനിടെ അധിക തുക ഈടാക്കിക്കിട്ടാൻ ഉടമ വീണ്ടും കോടതി കയറി. ഇതിലാണിപ്പോൾ ജപ്തി നടപടിവന്നത്. 
കോടതി ജപ്തിചെയ്ത സ്ഥലത്താണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെയും മുൻ എംഎൽഎ ജോർജ് എം തോമസിന്റെയും ശ്രമഫലമായി കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചത്‌. കരാറുകാരൻ എഗ്രിമെന്റ്‌ വയ്‌ക്കുകയും പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.
അധിക തുക അടച്ച് കെട്ടിടനിർമാണത്തിന് എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന്‌  രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ എൽഡിഎഫ് അംഗങ്ങളായ കോമളം, കെ സിജി എന്നിവർ അധികൃതർക്ക് പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top