26 April Friday

സ്‌ത്രീശാക്തീകരണം ലക്ഷ്യങ്ങളിൽ പ്രധാനം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
ഒഞ്ചിയം
വികസനം എല്ലാ വിഭാഗങ്ങൾക്കും സമഗ്രമായി നടപ്പാക്കാനുള്ള, ഭാവനാത്മകമായ പദ്ധതികൾക്ക് രൂപം നൽകുമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഗിരിജ പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകി വനിതാ തൊഴിൽ സംരംഭങ്ങൾ ഒരുക്കുമെന്ന്  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ ഗിരിജ പറഞ്ഞു. 
കാർഷിക സംസ്കാരം തിരിച്ചുപിടിക്കാൻ സമ്പൂർണ തരിശുരഹിത പദ്ധതി നടപ്പാക്കും. അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന ആതുരാലയ കേന്ദ്രമായ‌ ഓർക്കാട്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ  കിടത്തി ചികിത്സ പുനരാരംഭിക്കും. 
 ആധുനിക മാലിന്യ സംസ്കരണ പദ്ധതി കൊണ്ടുവരും. ദേശീയപാതയോരങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന് പൊലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ   പദ്ധതിയൊരുക്കും.  
മത്സ്യ സംസ്കരണ–-വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കും. വനിതാ–-ശിശു വികസന വകുപ്പുമായി കൈകോർത്ത് കുട്ടികളുടെ മാനസിക, ആരോഗ്യരംഗം ശക്തിപ്പെടുത്തും. അങ്കണവാടികൾ ഹൈടെക്ക് ആക്കും.  വയോജനങ്ങളുടെ ക്ഷേമത്തിനുമുണ്ട്‌‌ പ്രത്യേക പരിപാടി. 
ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലുള്ള ആർട് ഗ്യാലറിയുടെ പ്രവർത്തനം വിപുലീകരിക്കും. അഴിയൂർ പഞ്ചായത്തിലെ കാപ്പുഴക്കൽ ചിത്രകലാ ഗ്രാമം ദേശീയ ശ്രദ്ധയാകർഷിക്കും വിധം ചിത്രകാര കൂട്ടായ്മ സംഘടിപ്പിക്കും. 
പ്രധാന ജലസ്രോതസ്സായ എൻസി കനാൽ നവീകരിച്ച്‌ ടൂറിസം വകുപ്പ് മുഖേന ബോട്ട് സർവീസ് ആരംഭിക്കും. 
ചോറോട് പഞ്ചായത്തിലെ കടലോരത്തെ ആകർഷകമായ ഗോസായിക്കുന്ന്‌ വിനോദസഞ്ചാര കേന്ദ്രമാക്കാനും ലക്ഷ്യമുണ്ട്‌.  സംസ്ഥാന ബജറ്റിൽ പ്രതിപാദിച്ച സാംസ്കാരിക തെരുവ്  പദ്ധതിയുടെ സാധ്യതകൾ ആരായുമെന്നും ഗിരിജ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top