26 April Friday
മാനാഞ്ചിറ –- വെള്ളിമാടുകുന്ന്‌ റോഡ്‌

സ്ഥലമേറ്റെടുക്കലിന്‌ 
വേഗം കൂട്ടും

സ്വന്തം ലേഖകന്‍Updated: Thursday Oct 21, 2021
 
 
കോഴിക്കോട്‌
മാനാഞ്ചിറ – വെള്ളിമാടുകുന്ന്‌ റോഡ്‌ നവീകരണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കും. മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. എരഞ്ഞിപ്പാലം മുതൽ മലാപ്പറമ്പ്‌ വരെ ഏറ്റെടുത്ത സ്ഥലം പ്രവൃത്തിക്ക്‌ അനുയോജ്യമാക്കിയെടുക്കാനും ധാരണയായി.
പ്രവൃത്തിക്ക്‌ സ്ഥലമൊരുക്കാനായി എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാൻ പൊതുമരാമത്ത്‌ ദേശീയപാത വിഭാഗത്തിന്‌ ചുമതല നൽകി. ഇത്‌ ലഭിച്ചാലുടൻ ഫണ്ട്‌ അനുവദിക്കാനും തീരുമാനമായി.
ലാൻഡ്‌ അക്വിസിഷൻ നിയമപ്രകാരമുള്ള 11–-1  വിജ്ഞാപനത്തിനുള്ള നടപടികളിൽ പുരോഗതിയുള്ളതായും യോഗം വിലയിരുത്തി. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്മേൽ 27ന്‌ പബ്ലിക് ഹിയറിങ്‌ നടത്തും. റോഡ്‌ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങളുടെ മൂല്യനിർണയവും ഉടൻ പൂർത്തിയാക്കും. നിലവിൽ വിട്ടുകിട്ടിയ സർക്കാർ ഭൂമിയിലെ സംഭരണി, ട്രാൻസ്‌ഫോർമർ എന്നിവ മാറ്റാനും ധാരണയായി. എസ്റ്റിമേറ്റ്‌ തയ്യാറാക്കാനും നിർദേശം നൽകി.
വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കും. ഇതിനു മുമ്പായി ഇൻവെസ്റ്റിഗേഷൻ എസ്‌റ്റിമേറ്റിന്‌ അനുമതി നൽകാൻ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെആർഎഫ്‌ബി) ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചു. 
ആറ്‌ റീച്ചുകളായാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. ഭൂമി വിട്ടുനൽകിയ ഭൂരിഭാഗത്തിനും പണം നൽകി. 14 മുതൽ 21 ലക്ഷം രൂപ വരെയാണ്‌ നൽകിയത്‌. 2020 വരെ സമ്മതപത്രം നൽകിയവരുടെ ഭൂമിയാണ്‌ ഏറ്റെടുത്തത്‌. ഇതിനായി  214 കോടി രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കെആർഎഫ് ബി പ്രൊജക് ഡയറക്ടർ എസ്‌ സാംബശിവ റാവു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top