26 April Friday

വീട്ടിൽ നിരീക്ഷണം: മാർഗരേഖയായി സ്വന്തം ലേഖകന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 

കോഴിക്കോട്‌
രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ(വീട്ടിൽ നിരീക്ഷണം) നൽകുന്നതിനെക്കുറിച്ച് ജില്ലാ ഭരണകേന്ദ്രവും ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്ന്‌ മാർഗരേഖ തയ്യാറാക്കി. കോവിഡ് രോഗികളുടെ എണ്ണം  വർധിച്ചുവരുന്നതിനാൽ  രോഗലക്ഷണങ്ങളില്ലാത്തവർക്കും ചെറിയ രോഗ ലക്ഷണങ്ങളുള്ളവർക്കും കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി ഹോം ഐസൊലേഷൻ ഏർപ്പെടുത്തും. 
രോഗികൾ  മാർഗനിർദേശങ്ങൾ പാലിക്കണം.  മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ അപകട സാധ്യതകൾ കുറയ്ക്കാനും രോഗവ്യാപനത്തിന്റെ കണ്ണികൾ പൊട്ടിച്ച് കോവിഡിനെ നേരിടാനും സാധിക്കും. ഹോം ഐസൊലേഷനിൽ നിൽക്കുന്നവർ റൂം ക്വാറന്റൈൻ ചെയ്യാൻ മാനസികമായി  തയ്യാറായിരിക്കണം. ഒരു കെയർടേക്കർ നിർബന്ധമായും ഉണ്ടാകണം.  കെയർടേക്കർ കോവിഡ്- പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആരോഗ്യവിവരങ്ങൾ ദിവസവും ആരോഗ്യ പ്രവർത്തകർ നിരീക്ഷിക്കണം. 
വീടുകളിൽ വാഹന, ടെലിഫോൺ, ഇന്റർനെറ്റ്, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടെന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പുവരുത്തും. പഞ്ചായത്ത്, വാർഡ് തല ആർആർടികളിൽ ചർച്ചചെയ്ത് ആർആർടിയുടെ അറിവോടെ മാത്രം ഹോം ഐസൊലേഷനും തുടർന്നുള്ള കാര്യങ്ങളും നടത്തണം. രോഗികൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർ, വാർഡ് ആർആർടി എന്നിവരെയോ അറിയിക്കണം. 
വീടുകളിൽ സന്ദർശകരെ അനുവദിക്കരുത്. രോഗികൾ ദിവസവും റെഡ് ഫ്‌ളാഗ് ലക്ഷണങ്ങൾ (ശ്വാസതടസ്സം, നെഞ്ചുവേദന, രക്തം തുപ്പൽ, അകാരണമായ മയക്കം, ക്ഷീണം, തലചുറ്റൽ എന്നിവ) ഉണ്ടോയെന്ന്‌ സ്വയം നിരീക്ഷിക്കണം.  സമീകൃതാഹാരം കഴിക്കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്. ആവശ്യമായ വിശ്രമവും രാത്രി എട്ട് മണിക്കൂർ ഉറക്കവും അനിവാര്യമാണ്. രോഗലക്ഷണങ്ങൾ ദിവസേന സ്വയം നിരീക്ഷിച്ച് ആരോഗ്യപ്രവർത്തകരെ  അറിയിക്കണം. രോഗി പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ സാച്വറേഷൻ സ്വയം നിരീക്ഷിച്ച്  94 ശതമാനത്തിൽ താഴെ വരികയും പൾസ് റേറ്റ് മിനിറ്റിൽ 90 ൽ കൂടുതലാകുകയും ചെയ്താൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. 
രോഗിയും രോഗിയെ പരിചരിക്കുന്നവരും ഭക്ഷണസാധനങ്ങളും മറ്റു സാധനങ്ങളും കൈമാറുമ്പോൾ 3 ലെയർ മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രോഗി അറ്റാച്ച്‌ഡ്‌ ബാത്ത്‌റൂം ഉള്ള  മുറിയിൽ തന്നെ കഴിയണം.  രോഗിയുമായി ബന്ധപ്പെട്ട മാലിന്യങ്ങളിൽ മണ്ണിൽ ലയിച്ചുചേരുന്നവ ബ്ലീച്ച് സൊലൂഷൻ ഉപയോഗിച്ച് അണുനശീകരണം ചെയ്തതിനുശേഷം കുഴിച്ചുമൂടാം. അല്ലാത്തവ അണുനശീകരണത്തിനുശേഷം സുരക്ഷിതമായ രീതിയിൽ കത്തിക്കുകയോ നിർമാർജനം ചെയ്യുകയോ ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top