26 April Friday

വടകരയിൽ മേൽപ്പാതക്ക്‌ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
വടകര
ദേശീയപാത വികസിപ്പിക്കുമ്പോൾ വടകര പട്ടണത്തെ രണ്ടായി മുറിക്കാതെ അടക്കാതെരു മുതൽ നാരായണ നഗരം സ്റ്റേഡിയംവരെ എലിവേറ്റഡ് ഹൈവേ (മേൽപ്പാത) നിർമിക്കുന്ന കാര്യം ദേശീയപാത അതോറിറ്റി അംഗീകരിച്ചതായി നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു കൗൺസിൽ യോഗത്തിൽ പറഞ്ഞു. 
900 മീറ്റർ മേൽപ്പാതയാണ്‌ അംഗീകരിച്ചത്‌. 190 കോടിയോളം രൂപ അധിക ചെലവ് വരുമെങ്കിലും വടകരക്ക് മേൽപ്പാത മുതൽക്കൂട്ടാവുമെന്ന്‌ ചെയർപേഴ്‌സൺ പറഞ്ഞു. 
ദേശീയപാത ആറുവരിയാക്കുമ്പോൾ നഗരത്തിന്റെ വളര്‍ച്ചക്ക് തടസ്സമാകുന്ന രീതിയിലായിരുന്നു രൂപരേഖ. അടക്കാതെരു മുതല്‍ നാരായണ നഗരംവരെ എട്ടുമീറ്ററിൽ മണ്ണിട്ട് ഉയർത്തിയായിരുന്നു പാത. അടക്കാതെരു, പുതിയ ബസ് സ്റ്റാൻഡ്‌, കരിമ്പനപ്പാലം എന്നിവിടങ്ങളിൽ വെഹിക്കിൾ അണ്ടർ പാസ്  മാത്രമേ ഉണ്ടായിരുന്നുള്ളൂ. സർവീസ് റോഡ് വഴിയായിരുന്നു ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകേണ്ടിവരിക. അത്‌ വലിയ ഗതാഗതക്കുരുക്കുണ്ടാക്കും.  
ഇക്കാര്യങ്ങൾ കണക്കിലെടുത്ത്‌ 2021 മെയ് 31ന് ചേർന്ന കൗൺസിൽ യോഗമാണ് മേൽപ്പാതവേണമെന്ന പ്രമേയം അംഗീകരിച്ചത്. 2021 ഒക്ടോബർ 12ന് കേന്ദ്ര ഗതാഗതമന്ത്രിക്ക് നഗരസഭ ഇ മെയിൽ അയച്ചു. സംസ്ഥാന സർക്കാരിലും വകുപ്പ് മന്ത്രിയിലും സമ്മർദം ചെലുത്തി. നഗരസഭാ ചെയർപേഴ്സൺ ഡൽഹിയിൽ മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകി. ഇതിന്റെ ഫലമായാണ്‌ അംഗീകാരം ലഭിച്ചത്‌. യോഗത്തിൽ കൗൺസിലർമാരായ പി കെ സതീശൻ, എം ബിജു, പി സജീവ് കുമാർ, വി അസീസ്, എ പ്രേമകുമാരി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top