26 April Friday

കോഴിക്കോട്‌ പോസ്‌റ്റൽ സ്‌റ്റോർ ഡിപ്പോ പൂട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കോഴിക്കോട്‌ 
 തപാൽ വിതരണം പ്രതിസന്ധിയിലാക്കി കോഴിക്കോട്‌ പോസ്‌റ്റൽ സ്‌റ്റോർ ഡിപ്പോ പൂട്ടുന്നു. ചാലപ്പുറത്തെ  ഓഫീസ്‌ പൂട്ടാനാണ്‌ കേന്ദ്രസർക്കാർ ഉത്തരവ്‌. ആറ്‌‌ ജില്ലകളിലെ തപാൽ സ്ഥാപനങ്ങളിലേക്ക്‌  ഫോമുകളും സ്‌റ്റേഷനറി ഉൽപ്പന്നങ്ങളും നൽകുന്ന സ്ഥാപനമാണ്‌ ഇല്ലാതാക്കുന്നത്‌.  പൊതുമേഖലയെ തകർക്കുന്ന ബിജെപി സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ്‌ ഈ സ്ഥാപനത്തിനും താഴുവീഴുന്നത്‌.  30 ഉം സ്ഥിരം ജീവനക്കാർ ഉൾപ്പെടെ നാൽപ്പതോളം പേർ  ഇവിടെ ജോലിചെയ്യുന്നുണ്ട്‌‌. 
 സംസ്ഥാനത്ത്‌ ഇല്ലാതാവുന്ന നാല്‌ ‌ തപാൽ സ്ഥാപനങ്ങളിലൊന്നാണ്‌ ചാലപ്പുറത്തേത്‌. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് പോസ്‌റ്റൽ സ്‌റ്റോർ ഡിപ്പോകളും കൊച്ചി സ്‌റ്റാമ്പ്‌ ഡിപ്പോയുമാണ്‌ പൂട്ടുന്നത്‌. നാല്‌ ഡിപ്പോകൾ ലയിപ്പിച്ച്‌  ഏക ഡിപ്പോയാക്കി മാറ്റാനാണ്‌ നീക്കം.  സെപ്‌തംബർ 30 നകം പൂട്ടണമന്നാണ്‌ ഉത്തരവ്‌.
  പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌  ജില്ലകളിലേക്കുള്ള  ഫോമുകളും സ്‌റ്റേഷനറികളുമൊക്കെ ചാലപ്പുറത്തെ പോസ്‌റ്റൽ സ്‌റ്റോർ ഡിപ്പോയിൽനിന്നാണ്‌ കൊണ്ടു പോകുന്നത്‌. രജിസ്ട്രേഷൻ, സ്‌പീഡ്‌ പോസ്‌റ്റ്‌, പാർസൽ, ആർഎംഎസ്‌ തുടങ്ങിയ തപാൽ സേവനങ്ങൾക്കാവശ്യമായ ഫോറങ്ങളുടെയും കാർഡുകളുടെയും പ്രിന്റിങ് ബാർകോർഡ്‌ തയ്യാറാക്കുന്ന ജോലികളും ‌ ഇവിടെയാണ്‌ ചെയ്യുന്നത്‌‌. ഇവയെല്ലാം ഇനി കൊച്ചിയിൽനിന്നാകും‌ വരിക. ഇത്‌ കാലതാമസത്തിനും ഉപഭോക്താക്കൾക്ക്‌ പ്രയാസത്തിനും ഇടയാക്കും. 
   ഓഫീസിലെ സ്ഥിരം ജീവനക്കാരെയെല്ലാം മറ്റിടങ്ങളിലേക്ക്‌ മാറ്റും. സംസ്ഥാനത്ത്‌ സ്‌റ്റാമ്പ്, സ്‌റ്റോർ ഡിപ്പാർട്ട്‌മെന്റുകളിൽ മാത്രമായി ഇരുനൂറോളം ജീവനക്കാരുണ്ട്‌. ഒറ്റ സ്ഥാപനത്തിലേക്ക്‌ മാത്രമായി മാറ്റുമ്പോൾ ഇത്‌ മുപ്പതായി ചുരുങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top