26 April Friday

കുറുവാസംഘം കവർച്ച: 
സ്വർണം വിറ്റത് ബാലുശേരിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
എലത്തൂർ
ആലത്തൂരിൽ പിടിയിലായ കുറുവാ മോഷണസംഘത്തിലെ അന്നശേരി വേട്ടോട്ടു കുന്നുമ്മൽ മീത്തൽ താമസിക്കുന്ന  പാണ്ഡ്യൻ (തങ്ക പാണ്ഡി) മോഷണ മുതലുകൾ വിറ്റത് ബാലുശേരിയിലെയും പരിസരത്തെയും ജ്വല്ലറികളിലെന്ന് റിപ്പോർട്ട്. നാട്ടിൽ ആക്രി പെറുക്കിവിറ്റ് കുടുംബത്തോടൊപ്പം ജീവിച്ച ഇയാൾ സംസ്ഥാനത്ത് ഏഴോളം കളവുകളാണ് കുറുവാ സംഘത്തോടൊപ്പം നടത്തിയത്. 
വിദഗ്‌ധമായാണ്  പ്രത്യേക അന്വേഷണ സംഘം ഇയാളെ കുടുക്കിയത്. എടക്കരയിൽ പൊലീസെത്തിയപ്പോൾ മുങ്ങിയ പാണ്ഡ്യനെ  പിടികൂടാൻ മകനെ കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാ വിവരങ്ങളും മനസ്സിലാക്കി തിരച്ചിലാരംഭിച്ച നാട്ടുകാരാണ്‌ തങ്കപാണ്ഡിയെ രാമല്ലൂരിൽ പിടികൂടി അന്വേഷക സംഘത്തെ വിവരമറിയിച്ചത്.  ഇയാളെ അറസ്റ്റ്‌ ചെയ്തയുടൻ മകനെ വിട്ടയച്ചു. 
പലക്കാട് കേന്ദ്രീകരിച്ച് കളവ് നടത്തിയ സംഘം എടക്കരയിൽ ചില ദിവസങ്ങളിൽ വന്നിരുന്നു. ഇതേ തുടർന്നാണ് എലത്തൂരിലെ വീട്ടമ്മയെ കത്തിമുനയിൽ നിർത്തി കവർച്ച നടത്തിയതും പുതിയങ്ങാടിയിൽ വീട്ടിൽ കയറി മോഷണം നടത്തിയതും. ഇതിന് ശേഷവും സംഘം എടക്കരയിൽ തങ്ങി. 
ആലത്തൂർ ഡി വൈ എസ്‌ പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 6 ദിവസമാണ് ഇവിടെ ക്യാമ്പ് ചെയ്തത്. അക്രമകാരികളായ തമിഴ്നാട്  കുറുവാസംഘം കേരളത്തിലേക്ക് കടന്നതായി  ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. 
തങ്കപാണ്ഡിയെയും കൂട്ടാളികളെയും കോടതി അനുമതിയോടെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷക സംഘം.  വിശദമായ  ചോദ്യംചെയ്യലിൽ കൂടുതൽ കളവുകൾ തെളിയിക്കാമെന്നാണ് കരുതുന്നത്. പ്രതിയെ പിടിക്കാൻ ലോക്കൽ പൊലീസിന്റെ സഹായം ആവശ്യമില്ലാത്തതിനാൽ അറസ്റ്റിന് ശേഷമാണ് എലത്തൂർ സ്റ്റേഷനിൽ വിവരം അറിയിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top