27 April Saturday

മുന്നേറ്റത്തിന്റെ പാതയിൽ പെൺകരുത്ത്‌

പി കെ സജിത്‌Updated: Wednesday May 18, 2022
കോഴിക്കോട്‌
സ്‌ത്രീ ശാക്തീകരണത്തിൽ മാതൃകയായ കുടുംബശ്രീ ജില്ലയിലും കാൽനൂറ്റാണ്ടിന്റെ കരുത്തിൽ അഭിമാനാർഹമായ നേട്ടങ്ങളുമായി മുന്നേറുന്നു. മൈക്രോ ഫിനാൻസ്‌ വായ്‌പ ലഭ്യമാക്കി സ്വയം തൊഴിലിലും നവീനമാർഗം കണ്ടെത്തി കുടുംബഭദ്രത കൈവരിക്കാനും കരിവള കൈകൾക്ക്‌ കരുത്ത്‌ പകരാനും ജില്ലയിൽ ആവിഷ്‌കരിച്ചത്‌ ഒത്തിരി കാര്യങ്ങൾ. 
ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിൽ 27,450 അയൽക്കൂട്ടങ്ങളിലായി 4,61,208 അംഗങ്ങളുണ്ട്‌. ഇവയെ 82 സിഡിഎസുകളാണ്‌ നയിക്കുന്നത്‌. 1556 എഡിഎസുകളും 1596 ഓക്‌സിലറി ഗ്രൂപ്പുകളുമുണ്ട്‌. ഇതിൽ 29,136 അംഗങ്ങളാണുള്ളത്‌. 
വയോജന അയൽക്കൂട്ടം, എസ്‌സി, എസ്‌ടി അയൽക്കൂട്ടം, ഭിന്നശേഷി അയൽക്കൂട്ടം, ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടം, പുതുതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കിയ ഓക്‌സിലറി ഗ്രൂപ്പ്‌, കുട്ടികളുടെ വേദിയായ ബാലസഭ തുടങ്ങിയവയും ജില്ലയിൽ പ്രബലമാണ്‌. 
പലിശരഹിത സബ്‌സിഡി, ബാങ്ക്‌ വായ്‌പ, റിവോൾവിങ്‌ ഫണ്ട്‌, ഇന്നവേഷൻ ഫണ്ട്‌, പ്രവാസി ഭദ്രത വായ്‌പ തുടങ്ങി ഒട്ടനവധി വായ്‌പാ സഹായങ്ങളും കുടുംബശ്രീവഴി ലഭിക്കുന്നു. സംരംഭകത്വ പരിശീലനം, മൈക്രോ എന്റർ പ്രൈസ്‌ കൺസൾട്ടന്റ്‌ സേവനം, സംരംഭകരുടെ കൂട്ടായ്‌മ രൂപീകരണം തുടങ്ങിയവക്കൊപ്പം വ്യക്തിഗത–-ഗ്രൂപ്പ്‌ സംരംഭകർക്കും വിവിധ മേഖലകളിൽ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നു. മാസച്ചന്തകൾ, വിപണനമേളകൾ, മാർക്കറ്റിങ്‌ ഔട്ട്‌ലെറ്റുകൾ, ഹോം ഷോപ്പുകൾ, ഓൺലൈൻ ഷോപ്പുകൾ എന്നിവയിലൂടെ ഉൽപ്പന്നങ്ങളും വിൽക്കുന്നു. മൃഗസംരക്ഷണ മേഖലയിൽ  ക്ഷീരസാഗരം, ആടുഗ്രാമം, മുട്ടക്കോഴി വളർത്തൽ, തുടങ്ങിയ  പദ്ധതികളും നടന്നുവരുന്നു.
 
കാർഷിക മേഖലയിൽ 5167 ജെഎൽജികൾ
കാർഷികരംഗത്ത്‌ പുതുവിപ്ലവം തീർക്കുകയാണ്‌ ജില്ലയിലെ പെൺകരുത്ത്‌. കൃഷിയിൽ താൽപ്പര്യമുള്ളവരെ കൂട്ടുത്തരവാദിത്വമുള്ള സംഘങ്ങളായി രൂപീകരിക്കുന്നതിന്റെ ഭാഗമായി 76 പുതിയ ജെഎൽജികൾ രൂപീകരിച്ചു. ആകെ 5167 ജെഎൽജികളാണ്‌  പ്രവർത്തിക്കുന്നത്‌. 952.1 ഹെക്ടറിൽ പച്ചക്കറി, നെല്ല്‌, വാഴ എന്നിവ കൃഷിചെയ്‌തുവരുന്നു.
ഗുണനിലവാരമുള്ള നടീൽ വസ്‌തുക്കൾ ന്യായമായ വിലയ്ക്ക്‌ ലഭ്യമാക്കുന്നതിനായി 22 ജൈവിക പ്ലാന്റ്‌ നഴ്‌സറികളാണുള്ളത്‌. വിവിധ കൃഷിഭവനുകളിലേക്ക്‌ 7143 വൃക്ഷത്തൈകളാണ്‌ വിതരണംചെയ്‌തത്‌. പുതിയ കാർഷികേതര സംരംഭങ്ങളിലേക്ക്‌ ചുവടുവയ്‌ക്കാൻ സംഘകൃഷി ഗ്രൂപ്പുകളെ പ്രാപ്‌തരാക്കുന്നതിന്‌ 20 അഗ്രി ബിസിനസ്‌ വെഞ്ചറും  ജൈവകൃഷിക്കുള്ള ജൈവവളങ്ങൾ, കീടനാശിനികൾ എന്നിവ ഉൽപ്പാദിക്കുന്നതിനായി 10 ബയോ ഫാർമസികളും പ്രവർത്തിച്ചുവരുന്നു.
 
106 ജനകീയ ഹോട്ടൽ
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 106 ജനകീയ ഹോട്ടൽ ആരംഭിച്ചു. ഇതുവഴി ദിവസവും 31,000ത്തോളം ഊൺ വിതരണം ചെയ്യുന്നു. ജനകീയ ഹോട്ടലുകളിലൂടെ 20–-25 രൂപ നിരക്കിലാണ്‌ ഭക്ഷണവിതരണം. ഉച്ചഭക്ഷണത്തിന്‌ 10 രൂപ നിരക്കിൽ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്‌. ഈ വർഷം എട്ടുകോടിയോളം രൂപയാണ്‌ സബ്‌സിഡി അനുവദിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top