26 April Friday

മൾട്ടി ലെവൽ കാർ പാർക്കിങ് പ്ലാസകൾ: ഡിപിആർ തയ്യാറാക്കാൻ കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 

കോഴിക്കോട്‌ 
റോബോട്ടിങ് സംവിധാനമുള്ള മൾട്ടി ലെവൽ കാർ പാർക്കിങ് പ്ലാസകൾ ആരംഭിക്കാനുള്ള ഡിപിആർ തയ്യാറാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. എൽഐസി  കോർണറിലും ഇഎംഎസ്‌ സ്‌റ്റേഡിയത്തിലുമായി രണ്ട്‌  പ്ലാസകൾ ആരംഭിക്കാനാണ്‌ പദ്ധതി. കമേഴ്‌സ്യൽ കോംപ്ലക്‌സ്‌ നിർമാണങ്ങൾ ഉൾപ്പെടെ പ്ലാസയിലുണ്ടാകും. 160 കോടിയാണ്‌ നിർമാണ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. 
നോവൽ ബ്രിഡ്‌ജസ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തിനാണ്‌ നിർമാണ ചുമതല. രൂപരേഖ തയ്യാറാക്കുന്നതിന്‌ മുമ്പ്‌ പദ്ധതിയുടെ വിശദാംശം കൗൺസിലിൽ അവതരിപ്പിച്ചു. 20 നിലകളുള്ള കെട്ടിടമാണ്‌ ഉദ്ദേശിക്കുന്നത്‌. വാഹനങ്ങളുടെ പാർക്കിങ്ങിന്‌ മുമ്പ്‌ പ്രവേശന കവാടത്തിനരികിൽ എടിഎം മാതൃകയിൽ ഒരു മെഷീനുണ്ടാകും. ഇതിൽ വിവരം രേഖപ്പെടുത്തിയാണ്‌ പ്രവേശനം. തുടർന്ന്‌ ലിഫ്‌റ്റ്‌ വഴി വാഹനങ്ങൾ അതത്‌ പാർക്കിങ് നിരകളിലേക്ക്‌ മാറ്റും. ഇത്‌ റോബോട്ടിക്‌ സംവിധാനത്തിലാണ്‌ നടപ്പാക്കുക. പാർക്കിങ്ങിനായി ക്യൂ സംവിധാനവും പ്ലാസക്കുള്ളിൽ തന്നെയുണ്ട്‌. 
എൽഐസി കോർണറിൽ 22.70 സെന്റ് സ്ഥലത്ത്‌ 7579 ചതുരശ്ര മീറ്റർ അളവിൽ പ്ലാസ നിർമിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. കാർ പാർക്കിങ്ങിനും ടൂവീലർ പാർക്കിങിങ്ങിനും സൗകര്യമുണ്ടാകും. 45.43 കോടിയുടേതാണ്‌ പദ്ധതി. ഇഎംഎസ്‌ സ്‌റ്റേഡിയത്തിലെ പാർക്കിങ് പ്ലാസക്ക്‌ 35,000 ചതുരശ്ര മീറ്ററാണ്‌ വിസ്‌തീർണം. 136 സെന്റിലാണ്‌ നിർമാണം. 116.6 കോടി‌ നിർമാണ ചെലവ്‌. ഒരു വാഹനത്തിന്‌ പ്രവേശിക്കാൻ 30 സെക്കൻഡിൽ താഴെ മാത്രമേ വേണ്ടിവരൂ എന്നാണ്‌ കമ്പനിയുടെ അവകാശവാദം. മാലിന്യ നിർമാർജനം ലക്ഷ്യമിട്ട്‌ സ്‌റ്റീലിലാണ്‌ പ്ലാസയുടെ നിർമാണം. 
ബിഒടി വ്യവസ്ഥയിലാണ്‌ പദ്ധതി നടപ്പാക്കുക. മൂന്ന്‌ കമ്പനികളാണ്‌ പ്ലാസ നിർമാണത്തിന്‌ താൽപ്പര്യം പ്രകടിപ്പിച്ചത്‌. സ്‌റ്റാർടപ്പ്‌ കമ്പനികൾ ആയതിനാൽ നിർമാണത്തിന്‌ സിഎംഡി പ്രതിനിധികൾ, മേയർ, ഡെപ്യൂട്ടി മേയർ, കോർപറേഷൻ സെക്രട്ടറി, സൂപ്രണ്ടിങ് എൻജിനിയർ തുടങ്ങിയവർക്ക്‌ മുന്നിൽ നോവൽ ബ്രിഡ്‌ജസ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി  ആശയം അവതരിപ്പിക്കുകയായിരുന്നു. 
സിഎംഡിയുടെ പരിശോധനക്ക്‌ ശേഷമാണ്‌ കൗൺസിലിൽ ഇക്കാര്യം വീണ്ടും കമ്പനി അവതരിപ്പിക്കുന്നത്‌. 30 വർഷത്തെ കരാറാണ്‌ കോർപറേഷന്റെ നിർദേശം. വിശദമായ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി പരിശോധിച്ചശേഷമാകും തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top