27 April Saturday

എം ടിക്ക്‌ 89 സ്വാതന്ത്ര്യത്തിന്‌ 75

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
കോഴിക്കോട്‌> മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ നവതിയിലേക്കുള്ള യാത്രയിലാണ്‌. 89ാം പിറന്നാൾ പിന്നിട്ട്‌ തൊണ്ണൂറിലേക്ക്‌ കാലൂന്നുകയാണ്‌ എഴുത്തിന്റെ നിത്യയൗവനം. എംടിയുടെ രാജ്യം ഈ നാളുകളിലാണ്‌ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ ആഘോഷമാക്കുന്നത്‌. 1947ലെ സ്വാതന്ത്ര്യപ്പുലരിയിൽ കൂടല്ലൂരിലെ സ്‌കൂളിൽ പതാക ഉയർന്നത്‌ കൗതുകത്തോടെ നോക്കിനിന്നതിന്റെ വെളിച്ചം മങ്ങിയ ഓർമകളുണ്ട്‌ വാസുവെന്ന കൗമാരക്കാരനിൽ.  
 
സ്‌കൂളിൽ സ്വാതന്ത്ര്യദിന പതാക ഉയരവേ രണ്ടോ മൂന്നോ പേർ വട്ടംകൂടിനിന്ന്‌ ‘‘ഷെയിം, ഷെയിം’’ എന്ന്‌ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. അത്‌ എന്തിനാണ്‌, ഏതിനാണ്‌ എന്നൊന്നും അന്ന്‌ മനസ്സിലായിരുന്നില്ല. പിന്നീട്‌ വർഷങ്ങൾ കഴിഞ്ഞാണ്‌ ഇന്ത്യയുടെ വിഭജനത്തോടുള്ള എതിർപ്പായിരുന്നുവെന്ന്‌ അറിഞ്ഞത്‌’’–- എം ടി ‘സിത്താര’യിലെ കസേരയിലിരുന്ന്‌ സ്വാതന്ത്ര്യകാലത്തെ ഓർത്തെടുക്കുകയാണ്‌. കുഞ്ഞായിരുന്നതിനാൽ സ്വാതന്ത്ര്യത്തിന്റെ വലുപ്പമൊന്നും അന്ന്‌ മനസ്സിലായില്ല. സ്വാതന്ത്ര്യസമര പോരാളികളായിരുന്ന അരുണാ ആസിഫലിയും മുഹമ്മദ്‌ അബ്‌ദുറഹിമാൻ സാഹിബും ഒരുനാൾ സ്‌കൂൾ പടിക്കൽ വണ്ടി നിർത്തി കൈവീശി അഭിവാദ്യംചെയ്‌തത്‌ ഓർക്കുന്നു.   
 
പരിമിതികൾ ഉണ്ടാവാം, എങ്കിലും സ്വതന്ത്രരാജ്യമെന്നത്‌ വലിയ കാര്യമാണ്‌.  ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സ്ഥിതിഗതി നിഷ്‌പക്ഷമായി നമുക്ക്‌ വിലയിരുത്താനാവണം. ഇപ്പോൾ മോശമായ അന്തരീക്ഷമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നത്‌. വരുതിയിൽ നിൽക്കാത്ത എല്ലാത്തിനെയും ഒതുക്കുന്ന രീതി നമുക്ക്‌ ചേരില്ല. ചിന്തയ്ക്കുപോലും കടിഞ്ഞാണിടാനുള്ള ശ്രമമുണ്ട്‌. എന്നുമാത്രമല്ല, ചിന്തിക്കുന്നതിനുമുമ്പേ അതിനെ ഇല്ലാതാക്കുകയാണ്‌. എഴുത്തിന്റെ മേഖലയിൽ മാത്രമല്ല അത്തരം സ്വാതന്ത്ര്യം ഇല്ലാതായത്‌. എല്ലായിടത്തും അത്‌ കാണാം. ഒന്നിനും ഉത്സാഹം തോന്നാത്ത അവസ്ഥ. 
 
സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിന്‌ ഒരുപാട്‌ അർഥങ്ങളുണ്ട്‌. രാജ്യത്തെ എല്ലാവരും പട്ടിണിയിൽനിന്ന്‌ മോചിതരാവണം. എല്ലാവർക്കും കേറിക്കിടക്കാനുള്ള മേൽക്കൂരയും ചികിത്സയും വിദ്യാഭ്യാസവും ലഭിക്കണം. സാമാന്യജീവിതത്തിനുള്ള മിതമായ വിഭവങ്ങളും സൗകര്യങ്ങളുമുണ്ടാകണം. അതാവണം ഭരണാധികാരികളുടെ ലക്ഷ്യം. ജനാധിപത്യ രാജ്യമായതിനാൽ വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉണ്ടാകാം. അതിനുപറ്റിയ ഭരണസംവിധാനങ്ങളാണ്‌ ഉണ്ടാവേണ്ടത്‌. ഇന്ത്യ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കരുത്തുള്ളതാണ്‌. അതാണ്‌ എന്റെ പ്രതീക്ഷയും. ലോകം കീഴടക്കുമെന്ന്‌ കരുതിയ മഹാമാരികളെ പിടിച്ചുകെട്ടിയ മനുഷ്യന്റെ ചരിത്രം ആ പ്രതീക്ഷയാണ്‌ പങ്കുവയ്‌ക്കുന്നത്‌. അതുകൊണ്ടുതന്നെ ഞാനും ആവേശത്തോടെ സ്വാതന്ത്ര്യദിനത്തിന്റെ പ്രതീക്ഷകൾക്കൊപ്പം ചേരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top