27 April Saturday
സഖാവിന്റെ ഓർമയ്‌ക്ക്‌ 19ന്‌ 74 വർഷം

പൊൻകൊടി 
നെഞ്ചോടുചേർത്ത്‌

പി കെ സജിത്‌Updated: Monday Aug 15, 2022
കോഴിക്കോട്‌
‘‘വരിക വരിക സഹജരേ, സഹന സമര സമയമായി...’’ അംശി നാരായണപ്പിള്ളയുടെ വരികൾ ഈണത്തിൽ ചൊല്ലിക്കൊടുത്ത്‌ പയ്യന്നൂർ കടപ്പുറത്തേക്ക്‌ ഉപ്പുകുറുക്കാൻ ചുവടുവച്ച ദേശസ്‌നേഹികൾക്കൊപ്പം പി കൃഷ്‌ണപിള്ളയെന്ന യുവാവുമുണ്ടായിരുന്നു. ദേശീയ പതാകയുമേന്തി സ്വാതന്ത്ര്യ മോഹത്തെ തൊട്ടുണർത്തിയ നിയമലംഘന സമരം സംഘടിപ്പിക്കാൻ കെ കേളപ്പനൊപ്പമുണ്ടായിരുന്ന അദ്ദേഹം പൊടുന്നനെയാണ്‌ പോരാളികളുടെ പ്രിയപ്പെട്ടവനായത്‌. പയ്യന്നൂർ കടപ്പുറത്ത്‌ ഉപ്പുകുറുക്കൽ സത്യഗ്രഹത്തിനുള്ള ക്യാമ്പിലെത്തിയ കൃഷ്‌ണപിള്ളയുടെ പോരാട്ടവീര്യം സഹപ്രവർത്തകർക്ക്‌ തെല്ലൊന്നുമല്ല ആവേശം പകർന്നത്‌.
1930 ഏപ്രിൽ 13ന്‌ കെ കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘം യാത്രതുടങ്ങി. പയ്യന്നൂരിൽ കടപ്പുറത്തുവച്ച്‌ ഉപ്പുകുറുക്കി. ഗാന്ധിജി അറസ്‌റ്റ്‌ ചെയ്യപ്പെട്ടതോടെ സമരം പയ്യന്നൂരിൽ ഒതുക്കിനിർത്തേണ്ടതില്ലെന്ന്‌ തീരുമാനിച്ചു. മെയ്‌ 12ന്‌ കോഴിക്കോട്‌ കടപ്പുറത്തും ഉപ്പുകുറുക്കാൻ തീരുമാനിച്ചു. സമരത്തിന്‌ നേതൃത്വംനൽകാൻ നിയോഗിച്ച പ്രധാനികളിലൊരാൾ കൃഷ്‌ണപിള്ളയായിരുന്നു. മുഹമ്മദ്‌ അബ്‌ദുറഹ്മാനടക്കം 45 പേരടങ്ങിയ സംഘം കോഴിക്കോട്ടേക്ക്‌ മടങ്ങി. സമരവളന്റിയർമാരെ അതിക്രൂരമായാണ്‌ ഭരണകൂടം നേരിട്ടത്‌. കൃഷ്‌ണപിള്ളയും സഹനഭടന്മാരും പൊലീസിന്റെ അടിയേറ്റുവീണു.
പതാക സംരക്ഷിക്കുന്നതിനായി വളന്റിയർമാരും പിടിച്ചുപറിക്കുന്നതിനായി പൊലീസുകാരും തമ്മിൽ ബലപരീക്ഷണം. പിടിവലിക്കിടയിൽ പതാക കൃഷ്‌ണപിള്ള കൈയിലാക്കി. നെഞ്ചോടുചേർത്ത പതാക പിടിച്ചുപറിക്കാൻ പൊലീസ്‌ എത്രപണിപ്പെട്ടിട്ടും കഴിഞ്ഞില്ല. നിയമലംഘന കേസിൽ അറസ്‌റ്റിലായ ആറുപേരിലൊരാൾ കൃഷ്‌ണപിള്ളയായിരുന്നു. ‘ബ്രീട്ടീഷ്‌ സർക്കാരിനെ ബഹുമാനിക്കുന്നില്ലെന്ന്‌’ പ്രഖ്യാപിച്ച്‌ ശിക്ഷ ഏറ്റുവാങ്ങി, കണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥരുടെ പീഡനങ്ങളേറ്റുവാങ്ങി. എന്നിട്ടും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽനിന്ന്‌ പിന്നോട്ട്‌ പോവാൻ തയ്യാറായില്ല. ധീരത നിറഞ്ഞ, അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട്‌ കേരളത്തിന്റെ വിപ്ലവേതിഹാസമാവുന്നതിന്‌ കാലം സാക്ഷിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top