26 April Friday

നിയന്ത്രണം കടുപ്പിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jul 15, 2020
കോഴിക്കോട്‌
ജില്ലയിൽ സമ്പർക്ക കേസുകൾ കൂടിവരുന്നതിനാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണം ഏർപ്പെടുത്താൻ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ  നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ സാംബശിവ റാവു പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുണ്ട്. പുറത്തുനിന്ന് വരുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കും. വിവാഹ ചടങ്ങുകളിൽ 50ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.  പ്രാർഥനാ കേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കണം. യാത്രാ പശ്ചാത്തലമുള്ളവരും നിരീക്ഷണത്തിൽ കഴിഞ്ഞവരും പൊതുജനസമ്പർക്കം ഇല്ലാതെ കഴിയണം. ഗ്രാമീണ വിനോദ സഞ്ചാരമേഖലകളിൽ അയൽ ജില്ലകളിൽനിന്നടക്കം ആളുകൾ വരുന്നതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. 
വ്യാപാര സ്ഥാപനങ്ങളിൽ ആറടി അകലം പാലിക്കണം. കടയുടെ വിസ്‌തൃതിക്കനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു. സ്ഥാപനങ്ങളിലും ചടങ്ങുകളിലും വരുന്ന ആളുകളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയ രജിസ്റ്റർ നിർബന്ധമാണ്. പ്രായം കൂടിയവർ പൊതുഇടങ്ങൾ സന്ദർശിക്കാതിരിക്കുക. രാഷ്ട്രീയ കൂടിച്ചേരലുകൾക്ക് പൊലീസ് അനുവാദം നിർബന്ധമാണ്.  പരിപാടികളിൽ 10ൽ കൂടുതൽ ആളുകൾ പാടില്ല. മറ്റുജില്ലകളിലേക്ക് പോകുന്നവർ വാർഡ് ആർആർടികളെ വിവരം അറിയിക്കണം. ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകും. താമസസൗകര്യവും ഏർപ്പെടുത്തും. മാർക്കറ്റുകളിലും ഹാർബറുകളിലും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് സിറ്റി അഡീഷണൽ ഡിസിപി കെ പി റസാഖ്, റൂറൽ ജില്ലാ കൺട്രോൾ അസി. കമീഷണർ രാകേഷ് കുമാർ,   ഡോ. വി ജയശ്രീ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top