11 May Saturday

യാത്രയില്ല; പൂട്ടുവീണ്‌‌ ട്രാവൽ ഏജൻസികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
കോഴിക്കോട്‌ 
മഹാമാരിക്കൊപ്പം ട്രാവൽ ഏജൻസികളുടെ യാത്രാവഴികളിലും കണ്ണീരു പെയ്യുന്നു. എല്ലാ ബുക്കിങ്ങുകളും നിലച്ചപ്പോൾ വരുമാനം പൂർണമായി ഇല്ലാതായി. വിനോദസഞ്ചാരവും തീർഥയാത്രകളും  ഒഴിവാക്കിയതോടെ സംസ്ഥാനത്ത്‌ നാൽപ്പതിനായിരത്തോളം വാഹനങ്ങൾക്കാണ്‌ ഓട്ടമില്ലാതായത്‌. 
 ജില്ലയിൽ അറുനൂറോളം ടൂറിസ്‌റ്റ്‌ ബസ്സുകൾ, 1500 ഓളം ടെമ്പോ ട്രാവലറുകൾ, മൂവായിരത്തോളം കാറുകൾ എന്നിവക്കിപ്പോൾ പണിയില്ല.  ബുക്കിങ് ഇല്ലാത്തതിനാൽ ട്രാവൽ ഏജൻസികളുടെ ഓഫീസുകളും  പ്രവർത്തിക്കുന്നില്ല. 
 അറുപതോളം സർക്കാർ അംഗീകൃത ട്രാവൽ ഏജൻസികൾ സംസ്ഥാനത്തുണ്ട്‌‌. സർക്കാർ അംഗീകൃതമല്ലാത്തവ ‌ രണ്ടായിരത്തോളം വരും.  ഇവയെല്ലാം ഒരു വരുമാനവുമില്ലാതെ പൂട്ടിക്കിടക്കുകയാണ്‌.  
കേരളത്തിൽനിന്ന്‌ എല്ലാ മാസവും ശബരിമല, രാമേശ്വരം, കാശി, തിരുപ്പതി തുടങ്ങിയ തീർഥയാത്രകളുണ്ടാകും. ജൂൺ ഒന്നു മുതൽ അഞ്ചുവരെ ശബരിമലയിലേക്ക്‌ നിരവധി വാഹനങ്ങൾ ബുക്ക്‌ ചെയ്യാറുണ്ട്‌. മലബാറിൽനിന്ന്‌ ഒരു  ദിവസം 20 ബസ്സെങ്കിലും ശബരിമലക്ക്‌ ട്രാവൽ ഏജൻസികൾ മുഖേന പോകും.          
കോവിഡ്‌  വ്യാപനം ഇതെല്ലാം ഇല്ലാതാക്കി.  ജൂണിലെ കൈലാസ, മാനസ സരോവർ,  ന്യൂ ഡൽഹി, ജയ്‌പൂർ, ആഗ്ര, കുളു –-മണാലി  യാത്രകൾക്കും ബ്രേക്ക്‌ വീണു. സ്കൂളുകളും കോളേജുകളും തുറക്കാത്തതിനാൽ വിദ്യാർഥികളുടെ യാത്രയും  ഏപ്രിൽ–-മെയ്‌ മാസങ്ങളിലെ അവധിക്കാല യാത്രകളും വിവാഹ സൽക്കാര യാത്രകളും ഇല്ലാതായതോടെ  ട്രാവൽ ഏജൻസികൾക്ക്‌ പണിയില്ലാതായി. 
അടച്ചുപൂട്ടൽ ഇളവു വന്നപ്പോൾ മെയ്‌ അവസാന വാരം രണ്ടു ദിവസം മാത്രമാണ്‌ ഏജൻസികളുടെ ഓഫീസുകൾ പ്രവർത്തിച്ചതെന്ന്‌ കോൺട്രാക്ട്‌ കാരേജ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ (ഇസിഒഎ) രക്ഷാധികാരി സി നരേന്ദ്രൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top