26 April Friday
ഇർഷാദ്‌ വധം

കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയ 
മൂന്ന് പ്രതികൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

സ്വർണ്ണ കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദ് കേസിലെ പ്രതികളായ മിസ്ഫർ , ഇർഷാദ് , ഷാനവാസ് എന്നിവർ കല്പറ്റ 
സി ജെ എം കോടതിയിൽനിന്ന് പുറത്തേക്കുവരുന്നു

പേരാമ്പ്ര/കൽപ്പറ്റ
കോഴിക്കോട്‌ പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്‌ച  കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാൻഡ്‌ ചെയ്‌തു.  വൈത്തിരി കൊടുങ്ങയി പറമ്പിൽ മിസ്ഫർ, മേപ്പാടി റിപ്പൺ പാലക്കണ്ടി വീട്ടിൽ ഷാനവാസ്,  കൊടുവള്ളി  കളത്തിങ്കൽ  വീട്ടിൽ  ഇർഷാദ് എന്നിവരെയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌.  
 രാത്രി എട്ടരയൊടെ   പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ  പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് കൊണ്ടുപോയി 
 തിങ്കൾ പകൽ പന്ത്രണ്ടോടെയാണ്‌ ഇവർ  കൽപ്പറ്റ സിജിഎം കോടതിയിൽ ഹാജരായത്‌.  പൊലീസ്‌ എത്തുമ്പോഴേക്കും പ്രതികൾ കോടതിക്കുള്ളിൽ പ്രവേശിച്ചു. കേസ്‌ പരിഗണിച്ചപ്പോൾ, പ്രമാദമായ കേസാണെന്നും പ്രതികളെ കീഴടങ്ങാൻ അനുവദിക്കരുതെന്നും അറസ്‌റ്റ്‌ ചെയ്യാൻ പൊലീസിന്‌ അനുവാദം നൽകണമെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ വാദിച്ചു. കോടതിയിൽ കീഴടങ്ങിയ പ്രതികളുടെ അറസ്‌റ്റ്‌ അനുവദിക്കരുതെന്ന്‌  പ്രതിഭാഗം വക്കീലും  വാദിച്ചു. രേഖകൾ ഹാജരാക്കാൻ പ്രതിഭാഗം കൂടുതൽ സമയം ചോദിച്ചതോടെ കോടതി കേസ്‌ ഉച്ചക്കുശേഷം പരിഗണിക്കാനായി മാറ്റി. പിന്നീട്‌ പകൽ മൂന്നോടെ കേസ്‌ പരിഗണിച്ച കോടതി പ്രതികളോട്‌ കേസന്വേഷണ പരിധിയിയിലെ പേരാമ്പ്ര  ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. അതുവരെ അറസ്‌റ്റ്‌ പാടില്ലെന്നും പൊലീസ്‌ എസ്‌കോർട്ടിൽ പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു. വൈകിട്ട്‌ നാലോടെയാണ്‌ പ്രതികളെയുംകൊണ്ട്‌ പൊലീസ്‌ പേരാമ്പ്രയിലേക്ക്‌ പോയത്‌. കേസന്വേഷിക്കുന്ന  പ്രത്യേക അന്വേഷകസംഘവും കൽപ്പറ്റയിൽ എത്തിയിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top