26 April Friday

നാടിനെ മുന്നോട്ട്‌ നയിച്ച വടകരയിലെ "ബീഡി കമ്യൂണിസ്റ്റ്'

സജീവൻ ചോറോട്Updated: Thursday Dec 8, 2022
വടകര
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരെ ‘ബീഡി കമ്യൂണിസ്റ്റ്'എന്ന്  എതിരാളികൾ കളിയാക്കിവിളിച്ച കാലമുണ്ടായിരുന്നു. വർഗരാഷ്ട്രീയത്തിന്റെ ഹരിശ്രീ കുറിക്കുന്ന ഈ തൊഴിലിടം സമൂഹത്തിൽ അത്രമേൽ സ്വാധീനം ചെലുത്തിയിരുന്നു. 1930കളിൽ മലബാറിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്കുണ്ടായ സ്വീകാര്യത വടകരയുൾപ്പെടുന്ന കുറുമ്പ്രനാട് താലൂക്കിലാകെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കി. 1937ൽ വടകരയിൽ ഐക്യ തൊഴിലാളി യൂണിയന്റെ പിറവിയോടെ തൊഴിലാളികൾ സംഘടിതരായി. കേളുഏട്ടനും പി പി ശങ്കരനുമായിരുന്നു ഭാരവാഹികൾ. ബീഡി, പ്രസ്, തയ്യൽ, ബാർബർ തൊഴിലാളികളും യൂണിയനിൽ ചേർന്നു. കേളുഏട്ടനും യു കുഞ്ഞിരാമനും എം കുമാരനും തൊഴിലാളികളെ സംഘടിപ്പിച്ചു. 1938ലെ ബീഡി–-സിഗാർ തൊഴിലാളിസമരം കുറുമ്പ്രനാട്ടിലാകെ തൊഴിലാളി മുന്നേറ്റത്തിന് നാന്ദി കുറിച്ചു. രണ്ടു തൊഴിലാളികളെ പിരിച്ചുവിട്ടതായിരുന്നു സമരകാരണം. സി എച്ച് കണാരനായിരുന്നു ചുക്കാൻപിടിച്ചത്‌. സമരത്തിന് മുന്നിൽ മുതലാളിമാർ മുട്ടുമടക്കി. ഇത് എല്ലാ വിഭാഗം തൊഴിലാളികളിലും ആവേശമുണ്ടാക്കി. 1940കളിൽ നടന്ന കർഷക-–- കർഷകത്തൊഴിലാളി സമരങ്ങളിലും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളിലും യൂണിയൻ സജീവമായി. 1940 സെപ്‌തംബർ 15ന് വടകരയിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ പ്രകടനത്തിനുനേരെയുണ്ടായ പൊലീസ്  ലാത്തിച്ചാർജിൽ നിരവധി ബീഡി,- -ചുരുട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. 1946ൽ റെയിൽവേ തൊഴിലാളി സമരത്തിന് പിന്തുണയുമായി വടകരയിൽ ട്രെയിൻ തടഞ്ഞു. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയന്‌ പിന്തുണയേകി തൊഴിലാളികളിൽ നിന്ന് കാലണ പിരിച്ചു അരപ്പവൻ സംഭാവനയായി നൽകി. വസൂരി, കോളറ കാലത്ത് രോഗീപരിചരണത്തിനും മൃതദേഹം സംസ്കരിക്കാനും യൂണിയൻ പ്രവർത്തകരായിരുന്നു മുന്നിൽ. പേരാമ്പ്രയിലെ പൈതോത്ത് നമ്പിക്കോത്ത് മാധവിയമ്മയെ ജന്മി കുടിയൊഴിപ്പിച്ചപ്പോൾ യൂണിയൻ വളന്റിയർമാർ യൂണിഫോം അണിഞ്ഞെത്തി ഓലഷെഡ് കെട്ടി ചെങ്കൊടി നാട്ടിയതും ചരിത്രത്തിലെ ഒരേട്. 1946ലെ 91 ദിവസത്തെ ബീഡി–--സിഗാർ ബോണസ് സമരം ബഹുജന പ്രക്ഷോഭമായതോടെ 14 അണ ബോണസ് നേടിയാണ്‌ വിജയിച്ചത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top