11 May Saturday
അർബുദ ചികിത്സ വേഗത്തിലാവും

മെഡി. കോളേജിൽ 
പെറ്റ് സിടി സ്കാൻ വരുന്നു

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021
കോഴിക്കോട് 
അർബുദ ചികിത്സാരംഗത്ത് പുത്തൻ ചുവടുമായി കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്. ക്യാൻസർ രോഗനിർണയവും ചികിത്സയും  കാര്യക്ഷമമാക്കാൻ സാധിക്കുന്ന പെറ്റ് (പോസിട്രോൺ എമിഷൻ ടോമോഗ്രാഫി) സിടി സ്കാൻ യന്ത്രമാണ് ആശുപത്രിയിൽ സ്ഥാപിക്കാനൊരുങ്ങുന്നത്. അർബുദ രോഗ നിർണയത്തിനും ചികിത്സക്കും രോഗപുരോഗതിയും വിലയിരുത്താൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളുള്ള പെറ്റ് സി ടി സ്കാൻ മെഷീൻ സ്ഥാപിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ആശുപത്രി വികസന സമിതി നേതൃത്വത്തിൽ 10 കോടി വിലയുള്ള മെഷീൻ വാങ്ങാൻ ഓർഡർ നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലാണ് മെഷീൻ സ്ഥാപിക്കുക.
ജില്ലയിൽ ചുരുക്കം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ്‌ പെറ്റ് സിടി സ്കാൻ യന്ത്രമുള്ളത്‌. എറ്റവും പുതിയ സാങ്കേതിക മികവുള്ള യന്ത്രമാണ്‌ മെഡിക്കൽകോളേജിൽ സ്ഥാപിക്കുന്നത്‌. സീമെൻസ് കമ്പനിക്കാണ്‌ മെഷീൻ സ്ഥാപിക്കുന്നതിന്റെ ചുമതല. റേഡിയോ ട്രേസറുകൾ ഇഞ്ചക്ട് ചെയ്തശേഷം സ്കാനിങ്‌ ചെയ്യുന്ന രീതിയാണിതിലുള്ളത്‌. ട്രേസറുകൾ അർബുദമുള്ള കോശങ്ങൾ കണ്ടെത്തും അർബുദ കോശങ്ങൾ ശരീരത്തിൽ എവിടെയെല്ലാം പടർന്നിട്ടുണ്ടെന്ന് വളരെ വേഗത്തിൽ ഇതിലൂടെ കണ്ടെത്താനാവും. ഐസോടോപ്പുകൾ ഉപയോഗിച്ചാണ് സ്കാനിങ്‌. അഞ്ചുമുതൽ പത്തുവരെ രോഗികളെ ഒരു ദിവസം സ്കാൻ ചെയ്യാം. 
നിലവിൽ സിടി, എംആർഐ സ്കാനിങ്ങിലൂടെയാണ് രോഗനിർണയം നടത്തുന്നത്. ഇത്തരം സംവിധാനങ്ങളിൽ സംശയമുള്ളിടങ്ങളിൽ സ്കാൻ ചെയ്താലേ അർബുദം കണ്ടെത്താൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പെറ്റ് സിടി സ്കാൻ വരുന്നതോടെ ഒറ്റ സ്കാനിങ്ങിൽത്തന്നെ ശരീരത്തിലെവിടെയൊക്കെ അർബുദ കോശങ്ങളുണ്ടെന്ന്‌ കണ്ടെത്താനാവും. ഒന്നര മാസത്തിനുള്ളിൽ പെറ്റ് സി ടി സ്കാൻ മെഷീൻ മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top