26 April Friday
ഓപ്പറേഷൻ ആഗ്‌

കോഴിക്കോട്ട്‌ 283 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കോഴിക്കോട്‌/വടകര
ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ  നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ‘ഓപ്പറേഷൻ ആഗ്‌’ പരിശോധനയിൽ  സിറ്റിയിൽ 97 പേരും റൂറലിൽ 186പേരും ഉൾപ്പെടെ 283പേർ പൊലിസ്‌  പിടിയിൽ. സിറ്റിയിൽ 69 സാമൂഹ്യവിരുദ്ധരെയും  വാറന്റ്‌ കേസിൽ ഉൾപ്പെട്ട 18 പേരെയും പിടികിട്ടാപ്പുള്ളികളായ മൂന്നുപേരെയും അന്വേഷണാവസ്ഥയിലുളള കേസിൽ ഏഴുപേരെയുമാണ്‌ പിടികൂടിയതെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ രാജ്‌പാൽ വീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
അറസ്‌റ്റിലായവരെ വിശദമായി ചോദ്യംചെയ്യും. നിലവിൽ ഏതെങ്കിലും സ്‌റ്റേഷനിൽ കേസുകൾ, വാറന്റ്‌‌ എന്നിവയിൽ ഉൾപ്പെട്ടവരാണോ എന്ന്‌ പരിശോധിക്കും.  അല്ലാത്തവരുടെ മൊഴി രേഖപ്പെടുത്തി നിയമനടപടിയെടുക്കും.  സ്പെഷ്യൽ ഡ്രൈവിന്‌ ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ കെ ഇ ബൈജു, മെഡിക്കൽ കോളേജ്‌ എസിപി കെ സുദർശൻ, ടൗൺ എസിപി ബിജുരാജ്‌, ഫറോക്ക്‌ എസിപി സിദ്ദീഖ്‌ എന്നിവർ നേതൃത്വംനൽകി. ഗുണ്ടാസംഘങ്ങളിൽപ്പെട്ടവരുടെ പ്രവർത്തനങ്ങൾ  ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ എസ്‌പി എ ഉമേഷിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ച്‌ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും  കമീഷണർ പറഞ്ഞു. 
 റൂറലിൽ 23 സ്‌റ്റേഷൻ പരിധികളിലും പരിശോധന നടത്തി. ശനി രാത്രി 10ന് ആരംഭിച്ച പരിശോധന ഞായർ പുലർച്ചെ അഞ്ചിനാണ് അവസാനിച്ചത്.  സാമൂഹ്യവിരുദ്ധരായ 102 പേരും ലഹരി മരുന്ന്‌ സംഘത്തിൽപ്പെട്ട 45 പേരും 26 വാറന്റ്‌ പ്രതികളും  13 പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായി.  പേരാമ്പ്ര, താമരശേരി, വടകര, നാദാപുരം ഡിവിഷനുകൾക്ക് കീഴിലെ  അഞ്ച് ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചും ലോഡ്ജുകൾ, ഹോട്ടലുകൾ, ബാറുകൾ തുടങ്ങി 53 ഇടങ്ങളിലും പരിശോധന നടത്തി.  കരുതൽ തടങ്കലിൽ കസ്റ്റഡിയിൽ എടുത്തവരെ ജാമ്യത്തിൽ വിട്ടയച്ചു.  പരിശോധനക്ക് ഡിവൈഎസ്‌പിമാരായ വി വി ലതീഷ്, ആർ ഹരിപ്രസാദ്, എം സി കുഞ്ഞിമോയിൻകുട്ടി, ടി കെ അഷ്‌റഫ്  എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top