27 April Saturday
രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി

സിഎൻജിയുമായി വന്ന 
ലോറി അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

അപകടത്തിൽപ്പെട്ട ലോറി

കോഴിക്കോട്‌
എറണാകുളത്തുനിന്ന്‌ സിഎൻജി സിലിണ്ടറുകളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. രാമനാട്ടുകര ബൈപാസിൽ പൂളാടിക്കുന്നിനടുത്തുവച്ചാണ്‌ നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചത്‌. ചെറിയതോതിൽ വാതകച്ചോർച്ചയുണ്ടായത്‌ ഫയർഫോഴ്‌സിന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷൻ സേഫ്‌റ്റി ഓഫീസർമാരുടെയും നേതൃത്വത്തിൽ അടച്ചതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ, രാവിലെ രണ്ടര മണിക്കൂർ ബൈപാസിൽ ഗതാഗത തടസ്സമുണ്ടായി.
ശനി രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ടയർ പഞ്ചറായി റോഡിൽ നിർത്തിയ ലോറിക്ക്‌ പിന്നിൽ വാതകം നിറച്ചെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഉള്ള്യേരിയിലെ പമ്പിൽ നിറയ്‌ക്കാനുള്ള 40 സിലിണ്ടർ സിഎൻജിയുമായാണ്‌ ലോറി എത്തിയത്‌. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ലോറിയിലേക്ക്‌ കയറിപ്പോയ ലോറി ക്രെയിനുപയോഗിച്ചാണ്‌ ഉയർത്തി മാറ്റിയത്‌. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർമാരായ കക്കോടി സ്വദേശികളായ ശോഭാനന്ദ്‌, ഹരീഷ്‌ എന്നിവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
അപകടത്തിൽ വാതകച്ചോർച്ചയുണ്ടായിട്ടില്ലെന്ന്‌ അധികൃതർ പറഞ്ഞു. ഉയർത്തിമാറ്റിയ ലോറിയിൽനിന്നുള്ള സിലിണ്ടറുകൾ ചേമഞ്ചേരിയിൽ ദേശീയപാതക്കരികിലുള്ള പമ്പിലേക്ക്‌ മാറ്റി. ലോറി മാറ്റിയശേഷം പകൽ പതിനൊന്നരയോടെ  ബൈപാസിൽ ഗതാഗതം പുനഃസ്ഥാപിച്ചു. 
വെള്ളിമാടുകുന്ന്‌ ഫയർ സ്റ്റേഷനിലെ അസി. ഓഫീസർമാരായ ഒ കെ അശോകൻ, കെ സി സുജിത്ത്‌കുമാർ, ഫയർ ആൻഡ്‌ റസ്‌ക്യൂ ഓഫീസർമാരായ സി ഷിജു, ഷാജി  പുൽപ്പറമ്പിൽ, എം നിഖിൽ, മനുപ്രസാദ്‌, വി ജിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top