26 April Friday

സമരമിരമ്പുന്നുണ്ട്‌ 
കടത്തനാടൻ ഓർമകളിൽ

വി വി രഗീഷ്Updated: Friday Aug 5, 2022

കേളുഏട്ടനും ഇ എം എസും

 
വടകര
നാടുമുഴുവൻ സ്വാതന്ത്ര്യം ആഗ്രഹിച്ചപ്പോൾ എണ്ണമറ്റ സമരപരമ്പരകൾക്കാണ്‌ കടത്തനാട്‌ സാക്ഷിയായത്‌. തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും ഒരേ സ്വരത്തിൽ സ്വാതന്ത്ര്യം എന്ന മുറവിളിക്ക്‌ പിന്നാലെയായിരുന്നു. മൊയാരത്ത് ശങ്കരന്റെയും കേളുഏട്ടന്റെയും നേതൃത്വത്തിൽ നിരവധി സമരങ്ങൾക്ക് വടകരയും സമീപ ഗ്രാമങ്ങളും സാക്ഷിയായി.
1903ൽ സേലം വിജയരാഘവാചാര്യരുടെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന്‌ പിന്നാലെ മലബാർ ഡിസ്ട്രിക്ട്‌ കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു. വടകരയിൽ നേതൃത്വം മൊയാരത്ത് ശങ്കരനായിരുന്നു. കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിയായ മൊയാരത്ത് പഠനമുപേക്ഷിച്ച് സി എച്ച് ഗോവിന്ദൻ നമ്പ്യാരോടൊപ്പം നാദാപുരം, കുറ്റ്യാടി, പയ്യോളി തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ചു. കേരള കേസരി പത്രത്തോടൊപ്പം ഖാദി പ്രചാരണത്തിലും മുഴുകി. 
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ചർക്ക, നൂൽനൂൽപ്പ്‌ എന്നിവ പ്രചരിക്കപ്പെട്ടു. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാൻ എഐസിസി തീരുമാനിച്ചു. വടകര കോട്ടപ്പറമ്പിൽ സ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചത് മൊയാരത്തായിരുന്നു. വക്കീൽ രൈരു കുറുപ്പ് പതാക ഉയർത്തി. 
അയിത്തോച്ചാടനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും അലയൊലി വടകരയിലുമെത്തി. 1927ൽ എ കെ ജി നയിച്ച അയിത്തോച്ചാടന ജാഥ കടത്തനാടിനെ ഉണർത്തി. കൊയിലാണ്ടി–-കൊല്ലം റോഡിലൂടെ പുലയ ജാതിക്കാർ തലയുയർത്തിപ്പിടിച്ച്‌ ആദ്യമായി സഞ്ചരിച്ചു. രാമർ കുറുപ്പിന്റെ  നേതൃത്വത്തിൽ ഹരിജനങ്ങൾ ചേരാപുരത്ത് വഴിനടക്കാനുള്ള അവകാശത്തിനായി നിലകൊണ്ടു. കൊയിലാണ്ടിയിൽ മിശ്രഭോജനം നടന്നു. കൗമുദി ടീച്ചറും ഇതിൽ പങ്കെടുത്തിരുന്നു. 1934ൽ പഴങ്കാവിൽ ഗാന്ധി യുവക് സേവാസംഘം സ്ഥാപിച്ച് ഹിന്ദി പ്രചാരണം തുടങ്ങി. കെ കുഞ്ഞിരാമക്കുറുപ്പ്, സി വി ചാത്തു മാസ്റ്റർ, മംഗലാട്ട് രാഘവൻ, എം കെ കേളു എന്നിവർക്കായിരുന്നു നേതൃത്വം. കേളുഏട്ടന്റെ നേതൃത്വത്തിൽ പഴങ്കാവിൽ കൈരളി വായനശാല ഉയർന്നു. ഇതേ വർഷം ഗാന്ധിജിയും ഡോ. രാജേന്ദ്രപ്രസാദും വടകര സന്ദർശിച്ചു. 
1931ൽ വടകര നാരായണ നഗറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടായി. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പുതുപ്പണം നെല്ലാടത്ത് ക്ഷേത്രത്തിൽ കോഴിവെട്ട് നിരോധിച്ചു. 1937ൽ കേളുഏട്ടൻ പ്രസിഡന്റും പി പി ശങ്കരൻ സെക്രട്ടറിയുമായി ഐക്യതൊഴിലാളി യൂണിയനും 1938ൽ ബീഡി സിഗാർ വർക്കേഴ്സ് യൂണിയനും നിലവിൽ വന്നു. തൊഴിലാളികൾക്ക് ബോണസ് നേടിയെടുത്ത ചരിത്ര സമരവും  വടകരയിലായിരുന്നു. 1934ൽ മലബാർ എയിഡഡ് അധ്യാപക യൂണിയൻ  രൂപംകൊണ്ടു. 1935ൽ വടകര ബിഇഎം സ്കൂളിൽ വിദ്യാർഥി പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. 
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി രജിസ്ട്രാർ ഓഫീസ്, മുനിസിഫ് കോടതി എന്നിവ പിക്കറ്റ് ചെയ്‌തു. ചോമ്പാലയിൽ പാമ്പള്ളി ആണ്ടി, കെ ചാത്തൻ, മുക്കാളി കേളപ്പൻ തുടങ്ങിയവർ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി.  1932ൽ പുതുപ്പണത്ത് നടന്ന കുടിയാന്മാരുടെ സമ്മേളനത്തിന്‌ പിന്നാലെ മൂലയിൽ കൊറുമ്പൻ എന്ന കർഷകന്റെ നേതൃത്വത്തിൽ  ജാഥ മദിരാശിയിലേക്ക് പുറപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top