26 April Friday
ട്രിബ്യൂണൽ വിധിയും അവഗണിച്ചു

വഖഫ്‌ സ്വത്ത്‌ തട്ടിയെടുത്ത്‌ ലീഗ്‌ ട്രസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
 
സ്വന്തം ലേഖകൻ
കോഴിക്കോട്‌   
ട്രിബ്യൂണൽ ഉത്തരവുണ്ടായിട്ടും  മുസ്ലിംലീഗ്‌ നേതാവിന്റെ  ബന്ധു ചെയർമാനായ ട്രസ്റ്റ്‌ തട്ടിയെടുത്ത വഖഫ്‌ സ്വത്ത്‌ തിരിച്ചുനൽകിയില്ല. കുറ്റിക്കാട്ടൂർ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന സ്വത്താണ്‌ സ്വകാര്യ ട്രസ്റ്റ്‌ നിയമവിരുദ്ധമായി ചുളുവിലയ്ക്ക്‌ കൈക്കലാക്കിയത്‌. യത്തീംഖാനയും സ്‌കൂളും വനിത അറബിക്‌ കോളേജുമടക്കം കോടികൾ വിലമതിക്കുന്നതാണ്‌ സ്വത്ത്‌. വഖഫ്‌ ബോർഡിന്റെ പേരിൽ സർക്കാരിനെതിരെ കലാപത്തിന്‌ മുസ്ലിംലീഗ്‌ കോപ്പുകൂട്ടുന്നതിനിടെയാണ്‌ തട്ടിപ്പുവിവരങ്ങൾ  പുറത്തുവരുന്നത്‌.
      മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി 1987ലാണ്‌ 2.1 ഏക്കർ ഭൂമി വാങ്ങിയത്‌. പിന്നീട്‌ അതിരഹസ്യമായി ലീഗ്‌ നേതാവിന്റെ ഭാര്യാസഹോദരനെ ചെയർമാനാക്കി യത്തീംഖാന കമ്മിറ്റിയുണ്ടാക്കി. മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികളും വഖഫ്‌ ബോർഡ്‌ അംഗമായിരുന്ന ലീഗ്‌ ഉന്നതനുമെല്ലാം ചേർന്ന്‌ 1999ൽ സ്വത്തുക്കൾ ഈ കമ്മിറ്റിക്ക്‌ കൈമാറി. 73,000 രൂപയ്‌ക്ക്‌ വാങ്ങിയ ഭൂമി 5000 രൂപയ്‌ക്കാണ്‌ ഇവർ സ്വന്തമാക്കിയത്‌. 
വഖഫ്‌ സ്വത്ത്‌ കൈമാറ്റം ചെയ്യുമ്പോൾ അതേ മൂല്യമുള്ള സ്വത്ത്‌ പകരം നൽകണമെന്നായിരുന്നു 2013 വരെയുള്ള നിയമം. നിലവിൽ ഒരു കാരണവശാലും കൈമാറ്റം ചെയ്യാനാകില്ല. നിയമം പാലിക്കാതെയായിരുന്നു കൈമാറ്റം. 2005ൽ പുതിയ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി നിലവിൽ വന്നിട്ടും രേഖകൾ തിരിച്ചുനൽകാതിരുന്നതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.
    ഭൂമി തിരിച്ച്‌ പിടിച്ച്‌ നൽകണമെന്നാവശ്യപ്പെട്ട്‌ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വഖഫ്‌ ബോർഡിനെ സമീപിച്ചു. യുഡിഎഫ്‌ നേതൃത്വത്തിലുള്ള വഖഫ്‌ ബോർഡ്‌ പത്തുവർഷത്തോളം നടപടിയെടുത്തില്ല. 2015ൽ  ട്രസ്റ്റിന്‌ അനുകൂലമായി ഉത്തരവുമിറക്കി. ഇതിനെതിരെ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വഖഫ്‌ ട്രിബ്യൂണലിനെ സമീപിച്ചു.  സ്വത്ത്‌ കൈമാറ്റത്തെ അനുകൂലിച്ചുള്ള ബോർഡ്‌ ഉത്തരവ്‌ തെറ്റാണെന്നും എത്രയും വേഗം സ്വത്ത്‌ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിക്ക്‌ കൈമാറണമെന്നും വിധിച്ചു. ഇതിനെതിരെ ട്രസ്റ്റ്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌.     വഖഫ്‌ സ്വത്തുക്കൾ തിരികെ ലഭിക്കുംവരെ നിയമപോരാട്ടം നടത്തുമെന്ന്‌ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അഹമ്മദ്‌ കുറ്റിക്കാട്ടൂർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top