26 April Friday

ജഗദാംബിക ഇനി ഓർമ

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

ചരിഞ്ഞ പിടിയാന ജഗദാംബിക

ബാലുശേരി
തിങ്കളാഴ്ചത്തെ ആനയൂട്ടിന് കാത്തുനിൽക്കാതെ ജഗദാംബിക ചരിഞ്ഞു. ബാലുശേരി പൊന്നരംതെരു ചേനാട്ട് സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള പിടിയാന ജഗദാംബിക കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ ആനത്തൊട്ടിലിൽ ചരിഞ്ഞത്. തിങ്കളാഴ്ച പൊന്നരംതെരു ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്ന ആനകൾക്കായി ഗജപൂജയും ആനയൂട്ടും നടത്താൻ തീരുമാനിച്ചിരുന്നു.  
നാൽപ്പത്തഞ്ചുകാരിയായ ജഗദാംബിക സുനിൽ കുമാറിനൊപ്പമായിട്ട് പത്തു വർഷത്തിലധികമായി. ഇതുവരെ ഒരു അക്രമ സ്വഭാവവും കാണിച്ചിട്ടില്ല. പാപ്പാന്മാരായ നിലമ്പൂർ സ്വദേശി കുട്ടനും ധോണിയും ആനയുടെ ആകസ്മിക വേർപാട് സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞത് കണ്ടുനിൽക്കുന്നവരെയാകെ ദുഃഖത്തിലാഴത്തി.
കോവിഡ് തുടങ്ങിയതോടെ സുനിൽകുമാറിന്റെ രണ്ടാനകളായ ജഗദാംബികയും കൊമ്പൻ ധനഞ്ജയനും ഒന്നര വർഷമായി പുറത്തിറങ്ങാതെ വീട്ടുപറമ്പിലും ആനത്തൊട്ടിലിലുമായാണ്  കഴിഞ്ഞത്‌. ഇക്കാലത്തിനിടക്ക് രണ്ട് ഉത്സവ സീസൺ കഴിഞ്ഞെങ്കിലും  ആഘോഷങ്ങൾക്കൊന്നും ആന എഴുന്നള്ളിപ്പ് ഇല്ലായിരുന്നു.  പൊന്നരംതെരു മഹാഗണപതി ക്ഷേത്രത്തിലെ ഇക്കഴിഞ്ഞ ശിവരാത്രി ആഘോഷം ചടങ്ങുകളിൽ മാത്രമായി ഒതുക്കിയെങ്കിലും ധനഞ്ജയനും ജഗദാംബികയും മൂന്നു ദിവസവും ക്ഷേത്രത്തിലെത്തി ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്നു.  പണിയൊന്നുമില്ലാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ പുറത്ത്‌ പുഴയിൽ കൊണ്ടുപോയി കുളിപ്പിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസവും ബാലുശേരി ടൗണിലൂടെ ഇരുവരും നടക്കാനിറങ്ങിയിരുന്നു. സുനിൽകുമാറിന്റെ വിഷ്ണു എന്ന കൊമ്പൻ കഴിഞ്ഞ വർഷം ചരിഞ്ഞിരുന്നു. 
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം പത്മനാഭന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺസത്യന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. മലബാർ മേഖലാ ആന തൊഴിലാളി യൂണിയൻ പ്രവർത്തകരും സഹായത്തിനെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടോടെ സുനിൽകുമാറിന്റെ വീട്ടുവളപ്പിൽ ദഹിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top