27 April Saturday

കുറ്റ്യാടി ജലസേചന പദ്ധതി 
കനാലുകൾ നവീകരിക്കണം

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ നടന്ന പ്രകടനം

 
പേരാമ്പ്ര
കുറ്റ്യാടി ജലസേചന പദ്ധതിയുടെ തകർന്നുകിടക്കുന്ന കനാലുകൾ നവീകരിക്കുകയും വർഷവുമുള്ള അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്ന്‌ കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  1973ൽ ഭാഗികമായും 1993ൽ പൂർണമായും കമീഷൻചെയ്ത പദ്ധതിയാണിത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 603 കിലോമീറ്റർ കനാൽ ശൃംഖലകളാകെ തകർന്നുകിടക്കുകയാണ്. ശോച്യാവസ്ഥകാരണം പല കനാലുകളിലൂടെയും വെള്ളം തുറന്നുവിടാൻ കഴിയുന്നില്ല. ഇത് 14,569 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു; കുടിവെള്ളക്ഷാമത്തിനും കാരണമാകുന്നു.
ജീവഹാനിക്കും കാർഷികവിളനാശത്തിനും കാരണമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
വി കെ പീതാംബരൻ നഗറിൽ (വി വി ദക്ഷിണാമൂർത്തി ടൗൺ ഹാൾ) നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിനം ചസ്വന്തം ലേഖകൻർച്ചക്ക് ജില്ലാ സെക്രട്ടറി പി വിശ്വനും സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും മറുപടിപറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എം ഇസ്മായിൽ, കെ കെ ലതിക (മഹിളാ അസോസിയേഷൻ), എൻ എം ദാമോദരൻ (കെഎസ്‌കെടിയു), മനോജ് പരാണ്ടി (സിഐടിയു), സി എം ബാബു (പികെഎസ്), സ്വാഗതസംഘം ജനറൽ കൺവീനർ പി ബാലൻ അടിയോടി എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്തു. ജോർജ് എം തോമസ് ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ നന്ദിപറഞ്ഞു.
 
കർഷകസംഘം ജില്ലാ 
സമ്മേളനത്തിന്‌  സമാപനം
സ്വന്തം ലേഖകൻ
പേരാമ്പ്ര
കർഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കർഷകസംഘം ജില്ലാ സമ്മേളനത്തിന് സമാപനം. പേരാമ്പ്രയിൽ ആയിരങ്ങൾ അണിനിരന്ന ഉജ്വല പ്രകടനവും പൊതുസമ്മേളനവും നടന്നു.  ബസ് സ്റ്റാൻഡ് പരിസരത്ത്‌  ടി ശിവദാസമേനോൻ നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. കൃഷിക്കാരെ ആത്മാഭിമാനമുള്ളവരാക്കി നവകേരളത്തിന് അടിത്തറയിട്ടത് കർഷക സംഘമാണെന്ന് അദ്ദേഹം പറഞ്ഞു.  കർഷകർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഏക സംസ്ഥാനം കേരളമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ പ്രസിഡന്റ്‌ എം മെഹബൂബ് അധ്യക്ഷനായി. ജോയ്സ് ജോർജ്‌, ജില്ലാ സെക്രട്ടറി ജോർജ് എം തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മത്കുട്ടി എംഎൽഎ, എ എം റഷീദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി ബാലൻ അടിയോടി സ്വാഗതം പറഞ്ഞു.
 
എം മെഹബൂബ്‌ ജില്ലാ പ്രസിഡന്റ്‌
ജോർജ് എം തോമസ്‌  സെക്രട്ടറി
ജില്ലാ പ്രസിഡന്റായി എം മെഹബൂബിനേയും സെക്രട്ടറിയായി ജോർജ് എം തോമസിനേയും ട്രഷററായി കെ ഷിജുവിനേയും  തെരഞ്ഞെടുത്തു. 45 പേരടങ്ങുന്നതാണ്  ജില്ലാ കമ്മിറ്റി. മറ്റു ഭാരവാഹികൾ: സി ഭാസ്‌കരൻ, ബാബു പറശ്ശേരി, ഒള്ളൂർ ദാസൻ (വൈസ് പ്രസിഡന്റുമാർ), ഇ പ്രേംകുമാർ, കെ പി ചന്ദ്രി, ഇ എസ് ജെയിംസ് (ജോ.സെക്രട്ടറിമാർ). 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top