02 May Thursday

വാങ്ങാം ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍Updated: Wednesday Apr 1, 2020
കോഴിക്കോട്
കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ അരി  ബുധനാഴ്ച വിതരണം ആരംഭിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മഞ്ഞ കാർഡ് ഉടമകൾക്ക് 35 കിലോയും പിങ്ക് കാർഡിന് ഒരാൾക്ക് അഞ്ച് കിലോ വീതവും നൽകും. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള വെള്ള, നീല കാർഡുടമകൾക്ക് 15 കിലോ വീതമാണ് സൗജന്യ അരി.
7.6 ലക്ഷം കാർഡുടമകളാണ് ജില്ലയിലുള്ളത്. 38,956 കാർഡുകൾ അന്ത്യോദയ അന്നയോജന (മഞ്ഞ) വിഭാഗത്തിലാണ്. 2.82 ലക്ഷം ആളുകൾ ബിപിഎൽ  (ചുവപ്പ്) കാർഡുള്ളവരാണ്. എപിഎൽ വിഭാഗത്തിലെ 2.22 ലക്ഷം പേർ എപിഎൽ വിഭാഗത്തിലെ മുൻഗണനേതര, സബ്സിഡിക്ക് അർഹരായ നീല കാർഡുള്ളവരാണ്. 2.1 ലക്ഷം കാർഡുടമകൾ സബ്‌സിഡിയും മുൻഗണനയുമില്ലാത്ത എപിഎൽ വിഭാഗമാണ്.
രാവിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരും ഉച്ചയ്ക്കുശേഷം എപിഎൽ കാര്‍ഡുടമകളുമാണ് അരി വാങ്ങാനെത്തേണ്ടത്. ഒരു റേഷൻ കടയിൽ ഒരേസമയം അഞ്ചുപേരേ ഉണ്ടാകാവൂ. ഒരു മീറ്റർ ശാരീരിക അകലം പാലിക്കണം.
 റേഷൻ കാർഡ് ഇല്ലാത്തവർ പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ സത്യവാങ്മൂലത്തിൽ അപേക്ഷ നൽകിയാൽ മതി. ആധാർ കാർഡ് പരിശോധിച്ച് 15 കിലോ അരി നൽകും. കള്ളസത്യവാങ്മൂലം നൽകി അരി വാങ്ങിയാൽ പിഴയീടാക്കും.
സൗജന്യ റേഷൻ വിതരണത്തെക്കുറിച്ച് ആലോചിക്കാൻ ചൊവ്വാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. റേഷൻ കടകളിൽ മാനേജിങ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 
റേഷൻ കട ലൈസൻസി, തദ്ദേശ സ്ഥാപന പ്രതിനിധി, അങ്കണവാടി വർക്കർ എന്നിവരാണ് സമിതിയിൽ. ഇവര്‍ക്കാണ് റേഷൻ വിതരണം നടത്താൻ ചുമതല.
പഞ്ചിങ്ങില്ല, കാർഡും വയ്ക്കേണ്ട
സൗജന്യ അരി വാങ്ങിക്കാൻ എത്തുന്നവർ ഇപോസ് മെഷീനിൽ വിരൽ പതിക്കേണ്ട. കാർഡ് മേശപ്പുറത്ത് വയ്‌ക്കുകയും വേണ്ട. പകരം ക്രമീകരണത്തിന് അനുസരിച്ച് സഞ്ചി നൽകി കാർഡ് നമ്പർ പറഞ്ഞാൽ മതി.
സുരക്ഷ ഉറപ്പാക്കണം
കോവിഡ് കാലത്ത് അരി വിതരണം ചെയ്യാനെത്തുന്നവർക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് റേഷൻ കട ഉടമകൾ ആവശ്യപ്പെട്ടു. മാസ്‌ക് സർക്കാർ അനുവദിച്ചിട്ടുണ്ട്. സാനിറ്റൈസറും കൈയുറയും ഉടൻ നൽകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി ടി മുഹമ്മദാലി ആവശ്യപ്പെട്ടു.
തിരക്ക് കൂട്ടണ്ട
കോവിഡ് പ്രതിരോധത്തിന് വിഘാതമാകുന്ന രീതിയിൽ ജനങ്ങൾ റേഷൻ കടയ്ക്ക് മുന്നിൽ തടിച്ചുകൂടരുതെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം വി ശിവകാമി അമ്മാൾ പറഞ്ഞു. 20 വരെ സൗജന്യ റേഷൻ അരി വിതരണംചെയ്യും. ജില്ലയിലെ  കാർഡുടമകൾക്ക് ആവശ്യമായ അരി ​ഗോഡൗണിൽ സ്‌റ്റോക്കുണ്ട്.  തീർന്നുപോകുമെന്ന ആശങ്ക വേണ്ടെന്നും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top