26 April Friday

വിമാനവാലിൽ സ്‌മിതയുടെ 
സ്‌മൃതിചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, എയർ ഇന്ത്യ സിഇഒ അലോക്‌ സിങ്, കൊച്ചി മുസരിസ്‌ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി എന്നിവർ ടെയിൽ ആർട്‌ അനാഛാദനം ചെയ്‌തപ്പോൾ. സമീപം ജി എസ്‌ സ്‌മിത

കോഴിക്കോട്
കുഞ്ഞായിരുന്നപ്പോൾ ജി എസ്‌ സ്‌മിതയെന്ന ചിത്രകാരിയുടെ കണ്ണിലും കരളിലുമുടക്കിയ കാഴ്‌ചകളാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്‌ കുതിച്ചുയരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ  വാലിൽ തെളിയുന്നത്‌. ഓർമകളുടെ കടുംനിറങ്ങളിൽ ഓലപ്പീപ്പിയൂതുന്ന പെൺകുട്ടിയും തൊഴുകൈകളോടെ നിൽക്കുന്ന പുൽച്ചാടിയും പൂക്കളും തെയ്യവും അങ്ങനെ പല കാഴ്‌ചകൾ തെളിയുന്നുണ്ട്‌ വിമാനത്തിലെ ടെയിൽ ആർടിൽ. കോഴിക്കോട്‌ നടുവണ്ണൂർ കാവിൽ സ്വദേശിനിയായ ജി എസ്‌ സ്‌മിത കൊച്ചി മുസരിസ്‌ ബിനാലെക്കായി ഒരുക്കിയ ചിത്രമാണ്‌ എയർ ഇന്ത്യയുടെ വിദേശവിമാനത്തിലെ കാഴ്‌ചയായത്‌. 
 ബിനാലെയുടെ യാത്രാപങ്കാളിയെന്ന നിലയിലാണ്‌ എയർ ഇന്ത്യയുടെ വിമാനത്തിൽ ടെയിൽ ആർട്‌ ഒരുക്കിയത്‌. ബിനാലെയിലെ അനേകം കലാസൃഷ്ടികളിൽനിന്നാണ്‌ സ്‌മിതയുടെ ചിത്രം ടെയിൽ ആർടിനായി തെരഞ്ഞെടുത്തത്‌.  25 അടി നീളമുള്ള പ്രതലത്തിലാണ്‌ 18 അടിയുള്ള ചിത്രം ഒരുക്കിയത്‌. മൂന്നുമാസമെടുത്താണ്‌ ചിത്രം പൂർത്തിയാക്കിയത്‌. ‘‘കലാകാരിയെന്ന നിലയിൽ ഏറെ പ്രചോദിപ്പിക്കുന്നതായി ഈ അംഗീകാരം. ബിനാലെയെന്ന ആശയത്തിനൊപ്പം എന്റെ നിറങ്ങളും രാജ്യാതിർത്തികൾ ഭേദിച്ച്‌ സഞ്ചരിക്കുകയെന്നതിൽ വലിയ സന്തോഷം, ചിത്രകലയെ ഇത്രയും പ്രാധാന്യത്തോടെ ചേർത്തുനിർത്തുമ്പോൾ ആഹ്ലാദിക്കാതിരിക്കുന്നത്‌ എങ്ങനെ?’’ ഫോർട്ട്‌ കൊച്ചിയിൽ സ്വന്തം സ്‌റ്റുഡിയോ നടത്തുന്ന സ്‌മിത ചോദിക്കുന്നു. 
 എയർ ഇന്ത്യ ഹാംഗറിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, എയർ ഇന്ത്യ സിഇഒ അലോക്‌ സിങ്, കൊച്ചി മുസരിസ്‌ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി എന്നിവർ ടെയിൽ ആർട്‌ അനാഛാദനംചെയ്‌തു. ഡിസംബറിൽ ആരംഭിച്ച ബിനാലെ ഏപ്രിലിലാണ്‌ സമാപിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top