26 April Friday
അതിഥി തൊഴിലാളികളോട്‌ കോട്ടയം നഗരസഭയുടെ ക്രൂരത

മൃതദേഹം സംസ്‌കരിക്കാൻ 4000 രൂപ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 

 
അടൂർ
കോവിഡ്‌ കാലത്ത്‌ അതിഥി തൊഴിലാളിയുടെ മൃതദേഹം നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിക്കാൻ 4000 രൂപ വാങ്ങി നഗരസഭാ അധികൃതരുടെ ക്രൂരത. ശനിയാഴ്ച  കല്ലടയാറ്റിൽ മണ്ണടി മുല്ലവേലിൽ കടവിൽ കാണപ്പെട്ട പശ്ചിമ ബംഗാൾ ബാരഹൽന്തി ബാരി സ്വദേശി നരേഷ് സി എച്ച് റോയ്‌യുടെ(37) മൃതദേഹം കോട്ടയം നഗരസഭാ ശ്‌മശാനത്തിൽ സംസ്‌കരിച്ചതിനാണ് അതിഥി തൊഴിലാളികളിൽ നിന്നും പണം വാങ്ങിയത്.  മൃതദേഹം ഇവിടെ സംസ്‌കരിക്കാൻ പശ്ചിമ ബംഗാളിലെ ബന്ധുക്കൾ നൽകിയ സമ്മതപത്രമനുസരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നഗരസഭയുടെ ശ്മശാനത്തിൽ സംസ്‌കരിക്കണമെന്ന്‌ കാണിച്ച് ഏനാത്ത് സിഐ ജയകുമാർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ശ്മശാനത്തിൽ മുതദേഹം മറവുചെയ്യാൻ പണം അടക്കണമെന്നാവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലുണ്ടായിരുന്ന തൊഴിലാളികളുടെ കൈയിൽ അടയ്ക്കാനുള്ള പണം ഉണ്ടായിരുന്നില്ല. വിവരം തൊഴിലാളികൾ സിഐയെ അറിയിച്ചു. സിഐ വിവരം ചിറ്റയം ഗോപകുമാർ എംഎൽഎയെ അറിയിച്ചു.
എംഎൽഎ നഗരസഭാ ചെയർപേഴ്‌സണുമായി സംസാരിച്ചു. പണം നൽകാതെ സംസ്‌കരിക്കാമെന്ന് എംഎൽഎക്ക് ഉറപ്പും നൽകി. സംസ്‌കരിക്കാൻ ശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് 4000 രൂപ അടയ്ക്കാതെ മൃതദേഹം സംസ്‌കരിക്കാനാവില്ലെന്ന് ശ്മശാനം അധികൃതർ അറിയിച്ചു. തൊഴിലാളികളിൽ നിന്നും നിർബന്ധിച്ച്‌ 4000 രൂപ വാങ്ങിയ ശേഷമാണ് സംസ്‌കാരം നടത്തിയത്‌. നഗരസഭ ചെയർപേഴ്സൺ എംഎൽഎയ്ക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് കോവിഡ് നിയന്ത്രണത്തിൽ ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽനിന്നും പണംപിടിച്ചു വാങ്ങിയത്. വാങ്ങിയ പണം തൊഴിലാളികൾക്ക് തിരിച്ചു നൽകണമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ ആവശ്യപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top