29 April Monday

ടിവി പുരവും 
കണ്ണുകെട്ടുശേരിയും

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
വൈക്കത്തിനോടടുത്ത നാട്‌ –- ടിവി പുരം. തിരുമണി വെങ്കിടപുരമാണ്‌ ടിവി പുരമായത്‌. അക്കാര്യത്തിൽ എവിടെയും തർക്കങ്ങളൊന്നുമില്ല. എന്നാൽ ടിവി പുരം പഞ്ചായത്തിലെ കണ്ണുകെട്ടുശേരി എന്ന സ്ഥലപ്പേര്‌ സ്ഥലനാമ ചരിത്രകാരന്മാരെപ്പോലും കുഴപ്പിച്ചിട്ടുണ്ട്‌.
ഏതോ ചരിത്രസംഭവത്തെ ഓർമിപ്പിക്കുന്നതാകാം ഈ പേരെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. കടുത്ത തെറ്റുചെയ്യുന്ന ബ്രാഹ്മണർക്ക്‌ പണ്ട്‌ "കണ്ണുകെട്ട്‌' എന്ന ശിക്ഷ നൽകിയിരുന്നത്രേ. കണ്ണ്‌ കുത്തിപ്പൊട്ടിക്കുന്നതായിരുന്നു ഈ ശിക്ഷ. അങ്ങനെ "കണ്ണ്‌ കെട്ട നാട്‌' കണ്ണുകെട്ടുശേരി ആയതാണെന്ന്‌ കരുതുന്നവരുണ്ട്‌. ഈ പ്രദേശത്ത്‌ പുരാതനകാലത്ത്‌ ബ്രാഹ്മണർ ധാരാളമായി വസിച്ചിരുന്നതിന്‌ തെളിവുകളുണ്ട്‌. പട്ടശ്ശേരി എന്ന നാട്ടുനാമം(പട്ടർ + ശേരി) ഇതിന്‌ തെളിവായി ചൂണ്ടിക്കാട്ടുന്നു.
കണ്ണുകെട്ടിയ ചേരിയാണ്‌ കണ്ണുകെട്ടുശേരി എന്നും പറയപ്പെടുന്നു. കണ്ണ്‌ കെട്ടിക്കൊണ്ടുള്ള ഏതെങ്കിലും അപൂർവ ആചാരം ഈഭാഗത്ത്‌ ഉണ്ടായിരുന്നിരിക്കാമെന്നും അത്‌ ഈ പേരിന്‌ കാരണമായതായും പറയുന്നു. 
കണ്ണുകെട്ടുശേരിക്കടുത്ത്‌ വിചിത്രനാമമുള്ള മറ്റൊരു പ്രദേശമുണ്ട്‌–- അന്ധകാരനഴി. കണ്ണ്‌കെട്ടുമ്പോൾ ഇരുട്ട്‌, അന്ധകാരനഴിയിലെ അന്ധകാരം –- ഈ സ്ഥലങ്ങൾ അടുത്തടുത്ത്‌ വന്നത്‌ യാദൃച്‌ഛികമാകാം. "അണ്ടകാരം' എന്നാൽ കച്ചവടചരക്കാണെന്നും അങ്ങനെയാണ്‌ കച്ചവടമേഖലയായിരുന്ന ഈ പ്രദേശത്തിന്‌ അന്ധകാരനഴി എന്ന പേര്‌ വന്നതെന്നും വിശ്വസിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top