26 April Friday
മെഡിക്കൽ കോളേജിന്‌ പുതിയ കാൽവയ്‌പ്പ്‌

കരൾമാറ്റ ശസ്‌ത്രക്രിയയ്‌ക്കും സൗകര്യമൊരുങ്ങി

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021
കോട്ടയം
ആധുനിക ചികിത്സാകേന്ദ്രമായി‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയെ സജ്ജമാക്കിയ എൽഡിഎഫ്‌ സർക്കാർ പുതുതായി മറ്റൊരു ചികിത്സാസൗകര്യം കൂടി ഒരുക്കി. കരൾമാറ്റം ഉൾപ്പെടെയുള്ള ഗ്യാസ്ട്രോ ശസ്ത്രക്രിയക്കുള്ള സൗകര്യമാണ്‌ ഒരുങ്ങുന്നത്‌. സാധാരണക്കാർക്ക്‌ ഉൾപ്പെടെ കുറഞ്ഞ ചെലവിൽ  ഈ ചികിത്സ ലഭിക്കും. 
കേരളത്തിനുപുറത്തോ അല്ലെങ്കിൽ സ്വകാര്യആശുപത്രികൾ കേന്ദ്രീകരിച്ചോ‌ മാത്രമാണ്‌ നിലവിൽ കരൾമാറ്റ ശസ്‌ത്രക്രിയയുളളത്‌. തിരുവനന്തപുരത്തും കോട്ടയത്തുമാണ്‌ പുതുതായി സർജിക്കൽ ഗാസ്‌ട്രോ എൻട്രോളജി വിഭാഗം ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌. നേരത്തെ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയിലൂടെ രാജ്യത്ത്‌ ശ്രദ്ധിക്കപ്പെട്ട ആശുപത്രികളുടെ പട്ടികയിലേക്ക്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി എത്തിയിരുന്നു. ഏഴ്‌ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി. 
 ഡോ. സിന്ധുവാണ് പരിശീലനം പൂർത്തിയാക്കി വകുപ്പുമേധാവിയായി ചുമതല ഏൽക്കുന്നത്. ഒരു അസോസിയേറ്റ് പ്രൊഫസർ, രണ്ട് അസി. പ്രൊഫസർ, നാല്‌ സീനിയർ റസിഡന്റുമാർ അടക്കം എട്ട്‌ തസ്‌തിക ഇതിനായി അനുവദിച്ചു. താമസിയാതെ ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിക്കും. 
ആർദ്രം, കിഫ്‌ബി പദ്ധതികളിലൂടെ മെഡിക്കൽ കോളേജിൽ ആയിരം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ സർക്കാർ നടപ്പാക്കിയത്‌. അത്യാധുനിക സൗകര്യമുള്ള ഒപി ബ്ലോക്ക്‌, ട്രോമാകെയർ ഉൾപ്പെടെയുള്ള ബഹുനില അത്യാഹിത വിഭാഗം, ആധുനിക ചികിത്സാഉപകരണങ്ങൾ എന്നിവയടക്കം സജ്ജമാക്കിയത്‌ അഞ്ചുവർഷ കാലയളവിലാണ്‌. 
രോഗീപരിചരണത്തിലും മികച്ച ചികിത്സയ്‌ക്കുമെല്ലാം സ്വകാര്യ ആശുപത്രികളെക്കാൾ മെച്ചമായ മെഡിക്കൽ കോളേജ്‌ സംസ്ഥാനത്തെ ഒന്നാംനിര റഫറൻസ്‌ ആശുപത്രിയായും മാറി‌. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്കാണ്‌ പ്രധാനമായും ആശുപത്രി ആശ്രയമാകുന്നത്‌. ഒട്ടേറെ നിർമാണ പ്രവർത്തനങ്ങളും മെഡിക്കൽ കോളേജിൽ നടക്കുന്നുണ്ട്‌. ഇതെല്ലാം പൂർത്തിയാകുന്നതോടെ  ലോകോത്തര നിലവാരത്തിലേക്കും ആശുപത്രി കുതിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top