26 April Friday

ഭാരത്ബന്ദ് വിജയിപ്പിക്കുക: 
സംയുക്ത ട്രേഡ് യൂണിയൻ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
കോട്ടയം
കർഷകർ ഡൽഹിയിലും രാജ്യത്താകെയും 10 മാസമായി നടത്തുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ 27ന് പകൽ 12 മണിക്കൂർ(രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ) ആഹ്വാനം ചെയ്ത ഭാരത്ബന്ദ് വിജയിപ്പിക്കാൻ സംയുക്ത ടേഡ് യൂണിയൻ സമിതി ജില്ലാകമ്മിറ്റി വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. ബന്ദ് വിജയമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച വൈകിട്ട്‌ ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. കർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കുക, വൈദ്യുതി (ഭേദഗതി) ബിൽ –- 2021 പിൻവലിക്കുക, എല്ലാ കാർഷികവിളകൾക്കും മിനിമം താങ്ങുവില  നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം. ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ ട്രേഡ്‌ യൂണിയനുകളും ഒറ്റക്കെട്ടായാണ്‌ ബന്ദ്‌ ആഹ്വാനം ചെയ്‌തത്‌. 
500ലേറെ കർഷകർ ഇതിനകം സമരവേദിയിൽ മരിച്ചുവീണു. പോരാട്ടത്തെ വൈരാഗ്യബുദ്ധിയോടെയാണ് കേന്ദ്രസർക്കാർ നേരിടുന്നത്‌. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും ഉൽപ്പാദനവും കുത്തകകൾക്ക് കൈമാറുന്ന നിയമങ്ങളാണ് ‘ഫാം ആക്ട് 2020’. കർഷകരെ മാത്രമല്ല മുഴുവൻ ബഹുജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങളാണിവ. 2020 ജൂലൈയിലെ പാർലമെന്റ്‌ സമ്മേളനത്തിൽ മതിയായ ചർച്ചകളില്ലാതെയാണ്‌ ഇവ പാസാക്കിയത്. ഗുരുതര പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയാണ് കർഷകപ്രക്ഷോഭം. കോർപറേറുകൾക്ക് തൊഴിലാളികളെ തീറെഴുതുന്ന നാല്‌ ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും കുത്തകകൾക്ക് വേണ്ടി അധികാര ദുർവിനിയോഗം നടത്തുകയാണ്‌ കേന്ദ്രസർക്കാർ. ഇന്ധന വിലവർധന പിൻവലിക്കുക, തൊഴിലാളികളുടെ പിഎഫ്‌ അക്കൗണ്ടിലുള്ള പലിശയ്ക്ക് നികുതിയേർപ്പെടുത്തുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ ഭാരത്ബന്ദ്‌. കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും മുഴുവൻ തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സമിതി അഭ്യർഥിച്ചു. 
വാർത്താസമ്മേളനത്തിൽ അഡ്വ. റെജി സഖറിയ(സിഐടിയു), ഫിലിപ്പ് ജോസഫ്(ഐഎൻടിയുസി), അഡ്വ. വി കെ സന്തോഷ് കുമാർ(എഐടിയുസി), വി പി കൊച്ചുമോൻ(എഐയുടിയുസി), മുണ്ടക്കയം സോമൻ(യുടിയുസി), പൗലോസ് കടമ്പങ്കുഴി(കെടിയുസി- എം), സെബാസ്റ്റ്യൻ ജോസഫ്(കെടിയുസി), ജോബി കേളിയംപറമ്പിൽ(എൻഎൽസി), സജി നൈനാൻ(ഐഎൻഎൽസി), സി എസ്‌ രാജു(ടിയുസിഐ), സൗദാമിനി(എസ്‌ഇഡബ്ല്യുഎ) എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top