26 April Friday

78,123 ഫയലുകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
കോട്ടയം
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ചൊവ്വ വരെ 78,123 ഫയലുകൾ തീർപ്പാക്കിയതായി സഹകരണ- മന്ത്രി വി എൻ വാസവൻ പറഞ്ഞു. കെട്ടിക്കിടന്ന ഫയലുകളിൽ 85.39 ശതമാനമാണ്‌ തീർപ്പാക്കിയത്. മുപ്പതിനകം എല്ലാ വകുപ്പുകളും മുഴുവൻ ഫയലുകളും തീർപ്പാക്കണമെന്ന് ജില്ലാ ഉദ്യോഗസ്ഥർക്ക്‌ മന്ത്രി കർശനനിർദേശം നൽകി. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റിൽ കൂടിയ ജില്ലാ അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി.
മേയ് 31ലെ കണക്കുപ്രകാരം വിവിധ വകുപ്പുകളിലായി 91,480 ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. മലിനീകരണ നിയന്ത്രണബോർഡ് (100 ശതമാനം), ജില്ലാ ഇൻഫർമേഷൻ ഓഫീസ് (100), സാമൂഹിക നീതി വകുപ്പ്(98.65) ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് (96.48), കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി (95.06), ഡെപ്യൂട്ടി ഡയറക്ടർ ഓഡിറ്റ് (93.44), പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ്ഡിവിഷൻ (91.67), ജില്ലാ ഇൻഷുറൻസ് ഓഫീസ് മെഡിക്കൽ സർവീസ് (91.67), പോലീസ് (91.34), ജില്ലാ ലോട്ടറി ഓഫീസ് (90.91), ജില്ലാ പഞ്ചായത്ത് (90), ഫിഷറീസ് (90) എന്നീ വകുപ്പുകൾ 90 ശതമാനത്തിനുമേൽ ഫയലുകൾ തീർപ്പാക്കി.
കോടതിവ്യവഹാരം, തർക്കങ്ങൾ, ഓഡിറ്റ് എന്നിവ മൂലം വേഗത്തിൽ തീർപ്പുകൽപ്പിക്കാനാകാത്ത ഫയൽ വിവരങ്ങൾ പ്രത്യേകം നൽകാനും മന്ത്രി നിർദേശിച്ചു. ജില്ലയിൽ തീർപ്പാക്കേണ്ട ഫയലുകൾ നിർബന്ധമായും 30നകം പൂർത്തീകരിച്ചു റിപ്പോർട്ട്‌ നൽകണമെന്നും അവധിദിവസങ്ങളടക്കം ഇതിനായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനം നടത്തി ഫയൽ തീർപ്പാക്കലിൽ മുന്നിലെത്തിയ വകുപ്പുകളെ മന്ത്രി അഭിനന്ദിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി മൂന്നാമത്തെ യോഗമാണ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേരുന്നത്.
ഒക്ടോബർ പത്തിനകം ഓരോ വകുപ്പും പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളുടെ സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം പ്രസിദ്ധീകരിക്കും. കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ  ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top