26 April Friday

കൃഷി ശുശ്രൂഷയാക്കിയ ഇടയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

റവ. ഡോ. സാബു കെ ചെറിയാൻ കൃഷിയിടത്തിൽ ‍(ഫയൽചിത്രം)

കോട്ടയം
പിതാവിൽനിന്നാണ്‌ ഡോ. സാബു കെ ചെറിയാൻ കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചത്‌. കുടുംബവകയായുള്ള ഏക്കർകണക്കിന് സ്ഥലത്ത് വിവിധയിനം കൃഷികൾ നടത്തിയിരുന്നു. വിളവുകൾ ട്രക്കിൽ നിറച്ചാണ്‌ വിൽപനയ്ക്ക്‌ അയച്ചിരുന്നത്‌. പിതാവിന്റെ കൃഷിയിടത്തിൽ സഹായിക്കാൻ കൂടിയ സാബുവിലും ഒരു കർഷകൻ ജനിക്കുകയായിരുന്നു. 
ആന്ധ്രയിൽ മിഷനറി ആയി ചെന്നപ്പോൾ പത്തേക്കർ ഭൂമി പാട്ടത്തിനെടുത്ത്‌ നെൽകൃഷി ചെയ്ത്‌ നൂറുമേനി വിളയിച്ചു. പ്രവർത്തിച്ച മിക്ക ഇടവകയിലും തരിശായി കിടന്ന പള്ളിപ്പുരയിടങ്ങൾ ഫലഭൂയിഷ്‌ഠമായ കൃഷിഭൂമികളാക്കി. ഇടവകയ്ക്കു വരുമാനവും ഇടവകക്കാർക്ക് മാതൃകാപരമായ പ്രകൃതിസംരക്ഷണ പാഠവും അച്ചൻ പകർന്നുനൽകി. മൂലേടത്ത് ഉണ്ടായിരുന്നപ്പോൾ ആന്ധ്രയിലെ അനുഭവങ്ങൾ പകർത്തി തണ്ണിമത്തൻ കൃഷിചെയ്ത്‌ വൻ വിളവെടുത്തു. കഞ്ഞിക്കുഴിയിൽ വാഴയും കൃഷിചെയ്തു. ഒടുവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തോലശ്ശേരിയിൽ അച്ചന്റെ വിശാലമായ കൃഷിയിടം വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി. 
ഫലവൃക്ഷങ്ങളിൽനിന്നും വാഴയിൽനിന്നും ഉൽപാദിപ്പിക്കപ്പെട്ട ഫലങ്ങൾ അച്ചാറായും ജാം, സ്‌ക്വാഷ് തുടങ്ങിയ മൂല്യവർധക ഉൽപന്നങ്ങളായും നിർമിച്ചു. വലിയ ഡിമാന്റായിരുന്നു  ഉൽപന്നങ്ങൾക്ക്. വെള്ളരിക്ക, വെണ്ട, പാവൽ, മുളക്, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങി സകല കൃഷികളുടെയും ഉൽപന്ന ചന്ത വലിയൊരു ഉത്സവംതന്നെയായി. 
  ഹോമിയോ ഡോക്ടറായ ഭാര്യ ജെസ്സിയും കാരുണ്യ വഴിയിൽ സജീവമാണ്‌. ഇരുവരും ഒരുമിച്ച്‌ ആന്ധ്രയിൽ മിഷൻ ഫീൽഡിലെത്തി. ജെസ്സി അവിടെ പാവങ്ങളുടെ പ്രിയങ്കരിയായി. പ്രസവ കേസുകളും പാമ്പു കടിയേറ്റു വരുന്നവരുടെ കേസുകളും അവർ ധാരാളം ഏറ്റെടുത്തു, "ജീവൻ രക്ഷിച്ച മിഷനറി ഡോക്ടർ' എന്ന പേരിൽ തെലുങ്കു പത്രങ്ങളിൽ വാർത്ത വന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top