26 April Friday
ഭരണത്തുടർച്ചയിൽ ജനകീയ പദ്ധതി

ആർദ്രമീ സേവനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കോട്ടയം
ആർദ്രം പദ്ധതിയിലൂടെ തുടക്കമിട്ട പൊതുജനാരോഗ്യ സംവിധാനങ്ങളുടെ വികസനക്കുതിപ്പിന്‌ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലും തുടർച്ച. ആരോഗ്യ സേവനങ്ങൾ അധികവും ലഭ്യമല്ലാത്ത വിദൂര ഗ്രാമീണ മേഖലകളിൽ ചികിത്സാസഹായം ഉറപ്പുവരുത്തുകയാണ്‌ സർക്കാർ ലക്ഷ്യം. 
ജില്ലയിലെ മുപ്പത്തഞ്ചിലേറെ സബ്‌ സെന്ററുകൾ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളായി മാറ്റിയാണ്‌ ആരോഗ്യമേഖല കൂടുതൽ ജനകീയവൽക്കരിച്ചത്‌. ആദ്യഘട്ടത്തിൽ അഞ്ച്‌ എണ്ണമാണ്‌ ഉപകേന്ദ്രങ്ങളായത്‌. നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഒമ്പത്‌ സബ്‌സെന്ററുകൾ കൂടി കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറ്റി. 
വിളക്കുമാടം, മേമ്മുറി, പരിപ്പ്, പെരുമ്പനച്ചി, കുറിച്ചിത്താനം, കാട്ടിക്കുന്ന്, തൃക്കൊടിത്താനം, നീണ്ടൂർ, ശാന്തിപുരം എന്നിവയാണ്‌   കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാക്കിയത്‌.   ഓരോന്നിലും ഏഴ്‌ ലക്ഷം രൂപ വീതം ചെലവഴിച്ചാണ്‌ സൗകര്യങ്ങൾ വർധിപ്പിച്ചത്‌.  സബ്‌സെന്ററുകൾ ആയിരുന്നപ്പോൾ കുത്തിവയ്‌പ്പുകളും  ബോധവൽക്കരണ പരിപാടികളും ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവരുടെ സേവനവും മാത്രമായിരുന്നു ലഭ്യമായിരുന്നത്‌. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാകുമ്പോൾ   പോഷകാഹാര ക്ലിനിക്, പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ കുഞ്ഞുങ്ങളുടെ വളർച്ച, ജീവിതശൈലി രോഗം, ഗർഭിണികൾ, കൗമാരക്കാർ തുടങ്ങിയ വിഭാഗങ്ങളിലെ പരിശോധനകളും ലഭ്യമാകും. ഇത്തരം കേന്ദ്രങ്ങളിൽ ഓരോ നേഴ്‌സുമാരെയും അധികമായി നിയമിച്ചു. മുൻകൂട്ടി നിശ്‌ചയിക്കപ്പെട്ട ദിവസങ്ങളിൽ ഡോക്ടർ സേവനവും ഉണ്ടാകും.   കാത്തിരുപ്പ്‌ മുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പിനും ഭക്ഷണം നൽകാനുമുള്ള മുറി,   ശുചിമുറി സൗകര്യങ്ങൾ എന്നിവയും പുതുതായി ഒരുക്കി. 
നൂറുദിന കർമ 
പരിപാടിയിലെ പദ്ധതികൾ 
പാമ്പാടി താലൂക്ക്‌ ആശുപത്രിയിൽ ഒപി വിഭാഗം നവീകരണം
തലനാട്‌ പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമാക്കൽ
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാകുന്ന സബ്‌സെന്ററുകൾ:
പരുത്തുംപാറ, പയ്യപ്പാടി, കല്ലമ്പാറ, ചിങ്ങവനം, എറികാട്‌, ശ്രീകണ്‌ഠമംഗലം,പൂവക്കുളം, ഏറ്റുമാനൂർ മെയിൻ സെന്റർ, വെമ്പള്ളി, നീറന്താനം.
കുതിപ്പേകിയത്‌ 
ആർദ്രം
മുൻ എൽഡിഎഫ്‌ സർക്കാർ ആർദ്രം പദ്ധതിയിലൂടെയാണ്‌ സർക്കാർ ആശുപത്രികളിൽ കൂടുതൽ ചികിത്സാ സൗകര്യം ലഭ്യമാക്കിയത്‌. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി. ഇവിടെയെല്ലാം വൈകിട്ട്‌ ആറുവരെ ഒപി സേവനം ലഭ്യമാക്കി. മെഡി. കോളേജ്‌, ജനറൽ ആശുപത്രികൾ, താലൂക്ക്‌ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ വലിയ വികസനമാണ്‌ അഞ്ച്‌ വർഷത്തിനിടെ ഉണ്ടായത്‌.     ചികിത്സാകേന്ദ്രം എന്നതിനപ്പുറം നാടിന്റെ ആരോഗ്യം ഉറപ്പാക്കുന്ന പ്രവർത്തന കേന്ദ്രങ്ങളായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top