26 April Friday

പൊതുവിദ്യാലയങ്ങളിൽ പുതുതായി 
22,501 കുട്ടികൾ

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021
 
കോട്ടയം
കോവിഡിന്റെ പ്രയാസങ്ങൾക്കിടയിലും പൊതുവിദ്യാഭ്യാസ രംഗം മുന്നോട്ട്‌. ജില്ലയിൽ ഈ അധ്യയന വർഷം സർക്കാർ വിദ്യാലയങ്ങളിലേക്ക്‌ പുതുതായി വന്നത്‌ 22,501 വിദ്യാർഥികൾ. ഇതിൽ ഒന്നാം ക്ലാസിലെ കുട്ടികളൊഴികെ എല്ലാവരും എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ വന്നതാണ്‌. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണ്‌ സർക്കാർ സ്‌കൂളുകളുടെ ഈ നേട്ടത്തിന്‌ പിന്നിൽ.
   പൊതുവേ എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ മേഖല ശക്തമായ കോട്ടയം ജില്ലയിലും കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്‌. സർക്കാർ സ്‌കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. ഹൈടെക്‌ ക്ലാസ്‌ മുറികളൊരുക്കി. ആധുനിക സൗകര്യങ്ങളുമായി ഏത്‌ സ്വകാര്യ സ്‌കൂളിനോടും കിടപിടിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ എവിടെയും കാണാം.  
  കഴിഞ്ഞ കൊല്ലം പൊതുവിദ്യാലയങ്ങളിൽ അധികമായി വന്നത്‌ 17,000  കുട്ടികളായിരുന്നു. ഇക്കുറി അയ്യായിരത്തോളം കുട്ടികൾ കൂടുതൽ. ഇക്കൊല്ലം ഒന്നാം ക്ലാസിൽ 10,501 കുട്ടികൾ ചേർന്നിട്ടുണ്ട്‌. ഇത്‌ കഴിഞ്ഞ വർഷത്തേക്കാൾ 1,200 അധികമാണ്‌. 
  മറ്റ്‌ സ്‌കൂളുകളിൽനിന്ന്‌ ഏറ്റവുമധികം കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിൽ ചേർന്നത്‌ അഞ്ച്‌, എട്ട്‌ ക്ലാസുകളിലാണ്‌. പ്രൈമറി, യുപി എന്നിവ പൂർത്തിയാക്കി സ്‌കൂൾ മാറുന്നതിന്റെ ഭാഗമാണിത്‌. പൊതുവിദ്യാലയങ്ങളിൽ നിന്ന്‌ പത്താം ക്ലാസ്‌ പഠനം പൂർത്തിയാക്കി ഇറങ്ങുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ അധികം കുട്ടികൾ ഓരോ വർഷവും പൊതു വിദ്യാലയങ്ങളിലേക്ക്‌ എത്തുന്നുണ്ട്‌. ഇതിനനുസരിച്ച്‌ സ്‌കൂളുകളിൽ സൗകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നിറവേറ്റപ്പെടുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top