27 April Saturday

ഭാരത്‌ബന്ദിന് ജില്ല ഒരുങ്ങി; 
19 ന്‌ വീടുകളിൽ സമരജ്വാല തെളിയും

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021
കോട്ടയം
രാജ്യമാകെ സ്‌തംഭിക്കുന്ന 27ന്റെ ഭാരത്‌ബന്ദ്‌ വിജയിപ്പിക്കാൻ ഞായറാഴ്‌ച വീട്ടകങ്ങളിൽ സമരജ്വാല തെളിയും. ഗ്രാമ–-നഗര വ്യത്യാസമില്ലാതെ ജില്ലയിലെ വീടുകളിലും ഭാരത്‌ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കുടുംബാംഗങ്ങൾ ജ്വാല തെളിക്കും. വൈകിട്ട്‌ ഏഴ്‌ മുതൽ 7.15 വരെയാണ്‌ പരിപാടി. 
കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്രസർക്കാരിന്റെ  നിലപാടിലും വൈദ്യുതി ഭേദഗതി ബില്ല് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സംയുക്ത സംഘടനകൾ ഭാരത്‌ബന്ദ്‌ നടത്തുന്നത്‌. കർഷകരെ ചൂഷണം ചെയ്യുന്ന കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകജനത ഡൽഹിയിൽ ഒമ്പത്‌ മാസമായി സമരത്തിലാണ്‌.  പ്രതിസന്ധികളെ അതിജീവിച്ച്‌ ഒറ്റക്കെട്ടായി പോരാടുന്ന ജനങ്ങൾക്ക്‌ രാജ്യമാകെ പിന്തുണയർപ്പിച്ചു. ഇതിന്റെ ഭാഗമായാണ്‌ രാജ്യം സ്‌തംഭിക്കുന്ന ഭാരത്‌ബന്ദ്‌.
ട്രേഡ് യൂണിയനുകൾ, കർഷകത്തൊഴിലാളി സംഘടനകൾ , യുവജന വിദ്യാർഥി പ്രസ്ഥാനങ്ങൾ, വനിതാ സംഘടനകൾ തുടങ്ങിയവരെല്ലാം ബന്ദിൽ അണിചേരും.  
ബന്ദിന്റെ വിജയത്തിനായി സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ 25ന്‌ ജില്ലയിലെ മുഴുവൻ വില്ലേജുകളിലും കിസാൻ പഞ്ചായത്ത്‌ ചേരും. വൈകിട്ട്‌ നാല്‌ മുതൽ അഞ്ച്‌ വരെയാണ്‌ പരിപാടി. 26ന്‌ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും പന്തംകൊളുത്തി പ്രകടനം നടത്തും. ബന്ദ്‌ ദിവസമായ 27ന്‌ രാവിലെ പത്തിന്‌ പ്രധാന കേന്ദ്രങ്ങളിൽ ഒരുകിലോമീറ്റർ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചും മോദി സർക്കാരിന്‌ താക്കീതുയർത്തും. എല്ലാ വാർഡ്‌ കേന്ദ്രങ്ങളിലും കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ മനുഷ്യച്ചങ്ങലകൾ ഉയരും. കോട്ടയം, ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, കറുകച്ചാൽ, പാമ്പാടി, അയർക്കുന്നം, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്‌, വൈക്കം എന്നീ പ്രധാന കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങലക്കൊപ്പം യോഗങ്ങളും ചേരും. കോട്ടയത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ പങ്കെടുക്കും. ഭാരത്‌ബന്ദിന്റെ വിജയത്തിനായുള്ള പരിപാടികളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ മുഴുവനാളുകളും അണിചേരണമെന്ന്‌ സംയുക്ത സമരസമിതി കൺവീനർ പ്രൊഫ. എം ടി ജോസഫ്‌ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top