26 April Friday
വെള്ളം ഉയർന്നാൽ

വീടും ഉയരും

സ്വന്തം ലേഖികUpdated: Thursday Jun 30, 2022
കൊല്ലം
വേലിയേറ്റം ദുരിതം വിതയ്‌ക്കുന്ന മൺറോതുരുത്തിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന സാങ്കേതികവിദ്യയിലുള്ള ആംഫിബീയസ്‌ വീടുകൾ ഉയരും. ജലനിരപ്പിന്‌ ആനുപാതികമായി ഉയരുന്ന ആംഫിബീയസ്‌ വീടുകളുടെ നിർമാണത്തിന്‌ രണ്ടുമാസത്തിനുള്ളിൽ  തുടക്കംകുറിക്കും. ഇതിന്റെ ഭാ​ഗമായ മണ്ണ്, ജലപരിശോധന ഉടൻ ആരംഭിക്കും. 
കേരള ഡെവല‌പ്മെന്റ് ആൻഡ് ഇന്നോവേറ്റീവ് സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്)നെതർലന്റിലെ ഡെൽഫ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ്‌ വീട്‌ നിർമിക്കുക. നെസ്‌റ്റ്‌ എബൈഡ്‌ എന്ന സ്വകാര്യ ഏജൻസിയാണ് നിർമാണം. പട്ടംതുരുത്ത്‌ വെസ്റ്റ് വാർഡിൽ പരീക്ഷണാർഥം ഒരു വീടാണ്‌ നിർമിക്കുക. തുരുത്തിൽ എട്ട് വാർഡിലായി 54 വീടാണ്‌ വേലിയേറ്റക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത്‌. ഇവ ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ആംഫിബീയസ്‌ മോഡലിൽ നിർമിക്കാനാണ്‌ ലക്ഷ്യം. സാധ്യതാപഠന റിപ്പോർട്ടിന് കെ ഡിസ്കിന്റെ അനുമതി ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കും.
 
 
ഇതാണ് ആംഫിബീയസ്‌
തറനിരപ്പിൽ സ്ഥിതിചെയ്യുന്ന ആംഫിബീയസ്‌ വീടുകൾ  വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തനിയേ ഉയരുകയും ജലനിരപ്പ് താഴുമ്പോൾ പൂർവസ്ഥിതിയിലാകുകയും ചെയ്യും. പ്രളയസമയത്ത് വീടിനെയും താമസക്കാരെയും സുരക്ഷിതമാക്കാൻ ഈ നിർമാണരീതി സഹായിക്കും. മൺറോതുരുത്തിൽ നാലരയടിവരെ പൊങ്ങുന്ന വീടുകളാണ് നിർമിക്കുക. നിർമാണച്ചെലവും സാധാരണവീടുകളുടേതിന് സമാനമാണ്. നെതർലൻഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ആംഫിബീയസ്‌ വീടുകൾ പ്രചാരത്തിലുണ്ട്. 
 
നിർമാണം ഇങ്ങനെ
ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥാപിക്കുന്ന പില്ലറുകൾക്കു മുകളിലാകും വീട് നിർമിക്കുക.  കട്ടകൾക്കും കോൺക്രീറ്റിനും പകരം സ്റ്റീൽ അടക്കമുള്ള ഭാരംകുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കും. വെള്ളത്തിൽ പൊങ്ങാൻ ശേഷിയുള്ള അടിത്തറയായ ബോയന്റ് ഫൗണ്ടേഷനാണ് (ബിഎഫ്‌)പ്രധാന പ്രത്യേകത. റീസൈക്കിൾചെയ്ത വീപ്പകൾ, മുള, കോൺക്രീറ്റ് എന്നിവയാണ് ബിഎഫ് നിർമാണത്തിന് ഉപയോ​ഗിക്കുന്നത്. കട്ടിയേറിയ സ്റ്റീൽ അല്ലെങ്കിൽ കോൺക്രീറ്റ് ഉപയോ​ഗിച്ചുള്ള ഗൈഡൻസ് പോസ്റ്റുകൾ വീടിനെ മുകളിലേക്കും താഴേക്കുമല്ലാതെ മറ്റെവിടെയെങ്കിലും ഒഴുകിപ്പോകുന്നതിൽനിന്ന് തടയും. നീളമുള്ളതും വഴക്കമുള്ളതുമായ പൈപ്പ് ഉപയോഗിച്ചാകും വെള്ളവും വൈദ്യുതിയും എത്തിക്കുക.  
ബോയന്റ് ഫൗണ്ടേഷൻ സ്ഥിതിചെയ്യുന്ന വെറ്റ് ഡോക്കാണ് മറ്റൊരു സവിശേഷത. സു​ഗമമായ ജലപ്രവാഹത്തെ ഇത് സഹായിക്കുന്നു. വെള്ളപ്പൊക്കത്തിനനുസരിച്ച് ഡോക്കിൽ വെള്ളം നിറയുകയും വീട് തനിയെ ഉയരുകയും ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top