26 April Friday
പ്രതികൾ വടിവാൾ വീശി രക്ഷപ്പെട്ട സംഭവം

കാടും കായലും അരിച്ചുപെറുക്കി പൊലീസ്

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023
കൊല്ലം
വടിവാള്‍ വീശുകയും സ്വയരക്ഷയ്ക്കായി പൊലീസ് വെടിയുതിര്‍ത്തപ്പോൾ കായലിൽ ചാടി രക്ഷപ്പെടുകയുംചെയ്‌ത പ്രതികൾക്കായി തിരച്ചിൽ ഊർജിതം. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ പേരയം കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (26), കരിക്കുഴി ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (27)എന്നിവരാണ് ശനി പുലര്‍ച്ചെ കുണ്ടറ പേരയം കരിക്കുഴി മാപ്പിളപ്പൊയ്കയിൽ പൊലീസിനു നേരെ വടിവാള്‍ വീശി കായലിൽചാടി രക്ഷപ്പെട്ടത്. ഇവര്‍ക്കായി പടപ്പക്കര, കരിക്കുഴി, മാപ്പിളപ്പൊയ്ക, ടെക്നോപാർക്ക് തുടങ്ങിയവിടങ്ങളിലെ ഒഴിഞ്ഞകെട്ടിടങ്ങൾ, കാടുമൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റൂറൽ എസ്‌പി എം എൽ സുനിലിന്റെ മേൽനോട്ടത്തി​ലാണ്‌​ തിരച്ചിൽ നടക്കുന്നത്. കുണ്ടറ ഇൻസ്‌പെക്‌ടർ ആർ രതീഷിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട, കിഴക്കേ കല്ലട, പുത്തൂർ, ശൂരനാട് സ്റ്റേഷനുകളിലെ പൊലീസുകാരും കൊട്ടാരക്കരയിലെ എസ്‌പിയുടെ സ്ട്രൈക്കിങ് ഫോഴ്സുമടങ്ങിയ വൻസന്നാഹമാണ് തിരച്ചിൽ നടത്തുന്നത്‌. കായലിൽ ബോട്ട്‌ പട്രോളിങ്ങും റോഡിൽ വാഹനപരിശോധനയും നടത്തുന്നുണ്ട്.
ചെങ്ങന്നൂർ സ്വദേശി ലിബിൻ വർ​ഗീസിനെ തട്ടിക്കൊണ്ടുപോയി അടൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ മുറിയിലെത്തിച്ച് മർദിച്ച് അവശനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് ആന്റണിദാസും ലിയോ പ്ലാസിഡും. ഒളിവിൽ കഴിയുന്ന മാപ്പിളപ്പൊയ്കയിലെ ബന്ധുവീട് കൊച്ചി ഇൻഫോപാര്‍ക്ക് ഇൻസ്‌പെക്‌ടർ ഉള്‍പ്പെടെയുള്ള പൊലീസ് വള‍ഞ്ഞപ്പോഴാണ് ആന്റണിദാസും  ലിയോ പ്ലാസിഡും വടിവാള്‍ വീശിയത്. ഇതോടെ സ്വയരക്ഷയ്ക്കായി പൊലീസ്​ നാലുതവണ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതികള്‍ കായലില്‍ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച ഇവര്‍ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.  
കേസിൽപ്പെട്ടാൽ 
കാട്ടിലേക്ക്
കായലും കാടും നിറഞ്ഞ പ്രദേശമായ ഇവിടെ നേരത്തെ പല കേസിലും ആന്റണിദാസ് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ടെക്നോപാർക്കിന്റെ ഭാ​ഗത്ത് ഏക്കറോളം പ്രദേശത്ത് അക്വേഷ്യ കാടാണ്. ഒരു കേസിൽ പ്രതിയായാൽ പുറത്തേക്ക് രക്ഷപ്പെടുന്ന രീതി ആന്റണിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇവിടുത്തെ കാട്ടിലോ ഒഴിഞ്ഞ കെട്ടിടങ്ങളിലോ ഒളിക്കുകയാണ് പതിവ്. കാപ്പ കേസിലടക്കം ആന്റണിദാസിനെ അറസ്റ്റ് ചെയ്തത് ഈ മേഖലയിൽ നിന്നാണ്. അതിനാൽ പ്രതികളില്ലെന്ന് ഉറപ്പാക്കിയശേഷമേ അന്വേഷണം പുറത്തേക്ക് വ്യാപിപ്പിക്കാനാകൂ. കാടായതിനാൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള തിരച്ചിൽ പ്രായോ​ഗികമല്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. രാവിലെ മുതൽ നടത്തിയ തിരച്ചിൽ വൈകിട്ട് വരെ നീണ്ടു. 
 
 
പ്രതീഷിന്റെ ക്വട്ടേഷൻ, നിർവഹണം ആന്റണിദാസ്
മേയിൽ ശാസ്താംകോട്ടയിൽനിന്ന് 48 കിലോ കഞ്ചാവ്  എക്സൈസ് പിടികൂടിയിരുന്നു. കൊല്ലം മുളവന ലോപ്പേറഡയിൽ പ്രതീഷിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ലിബിൻ വർ​ഗീസായിരുന്നു ഇടനിലക്കാരൻ. ലിബിൻ വിവരം ചോർത്തിയതിനാലാണ് കഞ്ചാവ് പിടിക്കപ്പെട്ടതെന്ന് പ്രതീഷ് സംശയിച്ചു. തുടർന്ന് ലിബിനെ പിടിക്കാൻ പ്രതീഷ് ആന്റണിദാസിന് ക്വട്ടേഷൻ നൽകി. ​ഹൈദരാബാദിൽ ഒളിവിൽ കഴിഞ്ഞ ലിബിൻ അടുത്തിടെ കൊച്ചിയിലെത്തി. ഭാര്യയുമൊത്ത് കാറിൽ സഞ്ചരിക്കവെ ജനുവരി 24ന് രാത്രിയാണ്‌ കാക്കനാട് ഇൻഫോപാർക്ക് ഭാ​ഗത്തുവച്ച് ക്വട്ടേഷൻ സംഘം ലിബിനെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. അടൂരിലെത്തി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുറിയെടുത്ത് ക്രൂരമായി മർദിച്ചു. മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. കേസിൽ 10 പ്രതികളാണുള്ളത്. ക്വട്ടേഷൻ നൽകിയ പ്രതീഷ്, തട്ടിക്കൊണ്ടുപോയി മർദിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട ക്വട്ടേഷൻ സംഘാം​ഗങ്ങളായ മണക്കാല ചരുവിള പുത്തൻവീട്ടിൽ വിഷ്ണു, കൊല്ലം സ്വദേശി അക്ബർ ഷാ, പമ്പള്ളി ന​ഗർ സ്വദേശി സുബീഷ്, തേവര സ്വദേശി ലിജോ ജോയ്, കരിക്കുഴി സ്വദേശി ലിബിൻ ലോറൻസ് എന്നിവരാണ് പിടിയിലായത്. കായലിൽചാടി രക്ഷപ്പെട്ട ആന്റണിദാസ്, ലിയോ പ്ലാസിഡ് എന്നിവരെ കൂടാതെ  അടൂർ സ്വദേശികളായ അശ്വിൻ,​ഗോകുൽ എന്നിവരും പിടിയിലാകാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top