26 April Friday
പ്ലസ്ടു 88.83, വിഎച്ച്എസ്ഇ 86.6

ഇരട്ടിമധുരം

സ്വന്തം ലേഖകൻUpdated: Thursday Jul 29, 2021

പ്ലസ്‌ടു ഹ്യുമാനിറ്റീസിൽ മുഴുവൻ മാർക്കും നേടിയ പട്ടത്താനം വിമലഹൃദയ ഹയർസെക്കൻഡറിയിലെ ബ്ലെയ്‌സിക്ക്‌ മധുരം നൽകുന്ന സഹപാഠികൾ

കൊല്ലം
എസ്‌എസ്‌എൽസിക്കു പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയിലും ജില്ലക്ക്‌ മികച്ച വിജയം. പ്ലസ്‌ടുവിന്‌ എല്ലാവിഷയത്തിനും എ പ്ലസ്‌ നേടിയവരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു. 3786 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞവർഷം 1717 ആയിരുന്നു. 88.83 ശതമാനം പേർ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ വർഷം 85.9 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ 2.93 ശതമാനം ഉയർന്നു. സംസ്ഥാനത്ത്‌ ഏഴാം സ്ഥാനത്താണ്‌ ജില്ല. 
ഹയർസെക്കൻഡറിയിൽ 134 സ്കൂളിലായി 27,865 വിദ്യാർഥികളാണ് രജിസ്റ്റർചെയ്തത്. പരീക്ഷ എഴുതിയ 27,673 വിദ്യാർഥികളിൽ  24,583 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സമ്പൂർണ വിജയം നേടിയത് നാല് സ്കൂളാണ്. വാളകം സിഎസ്‌ഐ വൊക്കേഷണൽ എച്ച്‌എസ്‌ ആൻഡ്‌ എച്ച്‌എസ്‌എസ്‌, എഴുകോൺ കാരുവേലിൽ സെന്റ്‌ ജോൺ എച്ച്‌എസ്‌എസ്‌, അഞ്ചൽ ശബരിഗിരി എച്ച്‌എസ്‌എസ്‌, പുനലൂർ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ എന്നീ സ്‌കൂളുകളിലാണ്‌ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചത്‌.  
വിഎച്ച്‌സി
തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി വിഭാഗത്തിൽ (വിഎച്ച്‌സി) അഞ്ച് സ്കൂൾ സമ്പൂർണ വിജയം നേടിയതിനൊപ്പം എൻഎസ്‌ക്യൂഎഫ് സ്കീമിൽ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ പുതിയ സ്കീമായ എൻഎസ്‌ക്യൂഎഫിൽ (നാഷണൽ സ്ക്വിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്) 87.74 ശതമാനം വിജയത്തോടെയാണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയ 310 പേരിൽ 272 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇത്തവണ 86.6 ശതമാനമാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. പരീക്ഷ എഴുതിയ 3381 വിദ്യാർഥികളിൽ 2928 പേർ ഉപരിപഠനത്തിന് അർഹത നേടി. 
ഓപ്പൺ സ്കൂൾ
ഓപ്പൺ സ്കൂൾ വിഭാഗത്തിലും വിജയശതമാനത്തിൽ വർധന. ഇത്തവണ 58.52 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. രജിസ്റ്റർചെയ്ത 1440 വിദ്യാർഥികളിൽ 1403 പേരാണ് പരീക്ഷയെഴുതിയത്. ഇവരിൽ 821 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എട്ട് വിദ്യാർഥികൾ എല്ലാ വിഷയത്തിലും  എ പ്ലസ് നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top