26 April Friday
സംസ്ഥാന ചലച്ചിത്ര പുരസ്കാരം

ആവാസവ്യൂഹത്തിലൂടെ കൊല്ലവും

സ്വന്തം ലേഖകൻUpdated: Saturday May 28, 2022

ആവാസവ്യൂഹം ചിത്രത്തിൽ രാഹുൽ രാജ​ഗോപാൽ

കൊല്ലം
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കൊല്ലത്തിനും അഭിമാനം. മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്കാരം നേടിയ ആവാസവ്യൂഹത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാഹുൽ രാജ​ഗോപാൽ  ആശ്രാമം സ്വദേശിയാണ്.  പശ്ചാത്തല സം​ഗീതമൊരുക്കിയ  അജ്മൽ ഹസ്ബുള്ള വടക്കേവിള സ്വദേശിയും. മികച്ച പശ്ചാത്തലസം​ഗീതത്തിന് കഴിഞ്ഞവർഷത്തെ സംസ്ഥാനപുരസ്കാര ജേതാവ് കൂടിയാണ് അജ്മൽ.
പുരസ്കാര നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും ആവാസവ്യൂഹം തന്റെ ഭാ​ഗ്യമാണെന്നും രാഹുൽ രാജ​ഗോപാൽ പറഞ്ഞു. പ്രകൃതിയാണ് ഇതിലെ പ്രധാന കഥാപാത്രം. രണ്ടുവർഷത്തെ അധ്വാനമുണ്ട്. കോവിഡിനു മുമ്പും ശേഷവുമൊക്കെയാണ് ഷൂട്ട് ചെയ്തത്.  എസ്എൻ പബ്ലിക് സ്കൂൾ, ടികെഎം എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.  ആവാസവ്യൂ ഹത്തിന്റെ തന്നെ സംവിധായകനായ ആർ കെ കൃഷാന്ദിന്റെ ആദ്യ സിനിമയായ വൃത്താകൃതിയിലുള്ള ചതുരത്തിലും പ്രധാന വേഷംചെയ്തു. കരിക്കിന്റെ വെബ്സീരിസിലും മധുരരാജ, ഉൾട്ട, ​ഗ്രാമവൃക്ഷത്തിലെ കുയിൽ, ഇര തുടങ്ങിയ സിനിമകളിൽ ചെറുവേഷങ്ങളും ചെയ്തു. മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന മോൺസ്റ്റർ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആവാസവ്യൂഹം ഉടൻ ഒടിടിയിൽ റീലിസ് ചെയ്യും.  ഭാര്യ: ​ഗോപിക ബിന്ദു. ഒരു മകൾ. അച്ഛൻ രാജ​ഗോപാൽ ചിന്നക്കടയിൽ ​ജ്വല്ലറി ഉടമയാണ്.  
ആവാസവ്യൂഹത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയ അജ്മൽ ഹസ്ബുള്ള പള്ളിമുക്ക് വടക്കേവിള സ്വദേശിയാണ്.  വൃത്താകൃതിയിലുള്ള ചതുരത്തിന്റെ പശ്ചാത്തല സം​ഗീതത്തിനാണ് 2020ലെ സംസ്ഥാന പുരസ്കാരം  ലഭിച്ചത്. സ്വാതി തിരുനാൾ സംഗീത കോളേജിൽനിന്ന് ബിരുദം നേടി. ചെന്നൈയിൽനിന്ന് സൗണ്ട് എൻജിനിയറിങ്ങും പഠിച്ചു. വിക്രംവേദ ഉൾപ്പെടെയുള്ള  തമിഴ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
 
അതിശയിപ്പിച്ച ചിത്രം–ജൂറി
തിരുവനന്തപുരം
അവസാന റൗണ്ടിലെത്തിയ 29 ചിത്രവും കണ്ടുകഴിഞ്ഞപ്പോൾ മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന്‌ ജൂറിക്ക് മുന്നിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. ആവാസവ്യൂഹം. അവതരണത്തിലെയും ആഖ്യാനശൈലിയിലെയും പുതുമകൊണ്ട്‌ ജൂറിയെ അതിശയിപ്പിച്ച ചിത്രം. ആർ കെ  കൃഷാന്ദ്‌ എന്ന യുവസംവിധായകൻ ഒരുക്കിയ ആവാസവ്യൂഹം 2021ലെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജൂറിയുടെ അകമഴിഞ്ഞ പ്രശംസനേടി. 
കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകശ്രദ്ധ നേടിയ ‘ആവാസവ്യൂഹം’ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കൃഷാന്ദിന്റെ ആദ്യ സിനിമ വൃത്താകൃതിയിലുള്ള ചതുരം 2019ലെ ഐഎഫ്‌എഫ്‌കെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഭൂമുഖത്തെ ജീവജാലങ്ങൾ ഉൻമൂലനം ചെയ്യപ്പെടുന്ന പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ചലച്ചിത്രഭാഷയിലൂടെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്‌ ചിത്രം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top