26 April Friday
ജോസ് സഹായൻ വധക്കേസ്

സാക്ഷിയെ അരിഞ്ഞുതള്ളുമെന്ന് 
ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
കൊല്ലം‌
ബിജെപി മണ്ഡലം പ്രസിഡന്റ്‌ എസ്‌ പ്രശാന്ത്‌‌ പ്രതിയായ ജോസ്‌ സഹായൻ വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. മൈലക്കാട് പ്ലാവിള വീട്ടിൽ ഷിബു (42)വിനെയാണ്‌ ചാത്തന്നൂർ പൊലീസ്‌ അറസ്റ്റ്ചെയ്തത്‌. ഇയാളെ റിമാൻഡ് ചെയ്തു. നാലാംസാക്ഷി വടക്കേ മൈലക്കാട് തുണ്ടിൽ കിഴക്കതിൽ വീട്ടിൽ ജോൺ ബ്രിട്ടോ(71)യെ ആണ്‌ ഭീഷണിപ്പെടുത്തിയത്‌. 
കഴിഞ്ഞ ഏഴിനു കോടതിയിൽ ജോൺ ബ്രിട്ടോ മൊഴിനൽകിയിരുന്നു. അടുത്തദിവസം ഇദ്ദേഹത്തെ മൈലക്കാടുവച്ച് ഷിബു തടഞ്ഞുനിർത്തി. ‘ഞങ്ങളുടെ പിള്ളേർക്കെതിരെ സാക്ഷിപറഞ്ഞാൽ നിന്നെ അരിഞ്ഞുതള്ളും’ എന്നു ഭീഷണി മുഴക്കി. ജോസ്‌ സഹായനെ കൊലപ്പെടുത്തിയശേഷം പ്രതികൾ കയറിപ്പോയ വാഹനം തിരിച്ചറിഞ്ഞ സാക്ഷിയാണ്‌ ജോൺ ബ്രിട്ടോ. 
2009 ജുലൈ 26നാണ്‌  ജോസ് ‌സഹായനെ വെട്ടിക്കൊലപ്പെടുത്തിയത്‌. അഞ്ചാം പ്രതി രഞ്ജുവിന്റെ പ്രണയം പെൺകുട്ടിയുടെ വീട്ടുകാരെ അയൽക്കാരനായ ജോസ്‌ സഹായൻ (44)അറിയിച്ചതിലുള്ള വിദ്വേഷമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌. പ്രശാന്തിനാണ്‌ രഞ്ജു ക്വട്ടേഷൻ നൽകിയത്‌. ഏഴാംപ്രതിയായ  പ്രശാന്ത്‌ ഇതിനായി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്ന്‌ പൊലീസ്‌ കണ്ടെത്തി.
ഒന്നാംപ്രതി കാരംകോട് രതീഷ് കഞ്ചാവ് കേസിൽ ജയിലിലാണ്. അവിടെനിന്ന് എത്തിച്ചാണ് വിചാരണ. മുപ്പതിലേറെ കേസിൽ പ്രതിയായ ഓട്ടോ ജയനാണ് രണ്ടാംപ്രതി. മൂന്നാം പ്രതി അഖിൽ മരിച്ചു. 10 പേരാണ് പ്രതികൾ. 
കഴിഞ്ഞ ആറിനാണ് ജില്ലാ അഡീഷണൽ കോടതി നാലിൽ വിചാരണ തുടങ്ങിയത്. 36 സാക്ഷികളെ വിസ്തരിച്ചു. 85 സാക്ഷികളാണ് കേസിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സേതുനാഥാണ് ഹാജരാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top