27 April Saturday
നിയമസഭയിലെ നയപ്രഖ്യാപനം

കൊല്ലത്തിന്‌ പ്രതീക്ഷയായി ആഡംബര കപ്പൽയാത്ര

സ്വന്തം ലേഖകൻUpdated: Wednesday Jan 25, 2023
കൊല്ലം
കൊല്ലം തുറമുഖത്ത്‌ ക്രൂസ്‌ കപ്പൽ അടുപ്പിക്കുമെന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നയപ്രഖ്യാപനം ജില്ലയ്‌ക്ക്‌ പ്രതീക്ഷയേകുന്നു. കൊല്ലം കൂടാതെ ബേപ്പൂർ, അഴീക്കൽ, പൊന്നാനി തുറമുഖങ്ങളിലും ആഡംബര കപ്പലുകൾ നങ്കൂരമിടുമെന്ന്‌ നയരേഖ വ്യക്തമാക്കുന്നുണ്ട്‌. കപ്പൽയാത്ര തുറമുഖവകുപ്പിനും മാരിടൈം ബോർഡിനും വലിയ സാമ്പത്തിക നേട്ടമായി മാറും. വിനോദസഞ്ചാരികൾ എത്തുന്നതോടെ ടൂറിസം–- വ്യാപാരമേഖലയ്‌ക്കും ഉണർവേകും.
കൊച്ചിയിലെ ആഡംബര കപ്പലായ ‘നെഫർ ടിറ്റി’ മാതൃകയിലാണ്‌ കൊല്ലം ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽനിന്ന്‌ ഉൾക്കടലിലേക്ക്‌ കപ്പൽയാത്ര ഒരുങ്ങുന്നത്‌. ഇതിനായി 150– -200 സഞ്ചാരികൾക്ക്‌ യാത്രചെയ്യാവുന്ന അഞ്ച്‌ കപ്പലിന്റെ നിർമാണത്തിനും നടപടിയായിട്ടുണ്ട്‌. നിലവിൽ കൊച്ചി തുറമുഖത്ത്‌ രണ്ട്‌ ആഡംബര കപ്പലാണുള്ളത്‌. പഞ്ചനക്ഷത്ര ഹോട്ടൽ, തിയറ്റർ, ബാർ, കുട്ടികൾക്ക്‌ കളിസ്ഥലം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌. കപ്പലിൽ സജ്ജീകരിക്കുന്ന വലിയ റെസ്റ്റോറന്റിൽ വിവിധ ആഘോഷങ്ങൾക്കുള്ള സൗകര്യവുമൊരുക്കും. രാവിലെ യാത്രതിരിച്ച്‌ രാത്രി തിരികെവരും വിധമാണ്‌ ഒരു ദിവസത്തെ യാത്ര. ആദ്യഘട്ടം കൊല്ലത്തും ബേപ്പൂരിലുമാണ്‌ നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ഉദ്യോഗസ്ഥസംഘം വൈകാതെ കൊല്ലത്തും ബേപ്പൂരിലും പരിശോധന നടത്തും. രണ്ടാംഘട്ടമായാണ്‌ അഴീക്കലിലും പൊന്നാന്നിയിലും ക്രൂസ്‌ കപ്പൽ അടുക്കുന്നത്‌. തുറമുഖ വകുപ്പും കേരള ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷനും കൈകോർത്താണ്‌ കടലിൽ ആറുമുതൽ എട്ടുമണിക്കൂർ വരെ ഉല്ലാസയാത്രയ്ക്ക് വഴിയൊരുക്കുന്നത്‌.
 
നാടിന്‌ ഉണർവേകും
ആഡംബര കപ്പൽയാത്ര കൊല്ലം തുറമുഖത്ത്‌ ഉൾപ്പെടെ പുത്തൻ വികസന സാധ്യതകൾ സൃഷ്ടിക്കും. തൊഴിൽ അവസരങ്ങളുമുണ്ടാകും. കപ്പൽ നിർമാണത്തിന്‌ രണ്ടുവർഷം വേണ്ടിവരും. കപ്പൽയാത്രയെ മറ്റ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്താനും നടപടിയുണ്ടാകും.
–-എൻ എസ്‌ പിള്ള, മാരിടൈം ബോർഡ്‌ ചെയർമാൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top