27 April Saturday
വാതിൽപ്പടി റേഷൻ വിതരണം

ലക്ഷ്യംതെറ്റി എഫ്‌സിഐ തൊഴിലാളി സമരം

സ്വന്തം ലേഖകൻUpdated: Tuesday Jan 25, 2022
കൊല്ലം
വാതിൽപ്പടി റേഷൻ വിതരണത്തെ തടസ്സപ്പെടുത്തുംവിധം കൊല്ലം എഫ്‌സിഐ ഗോഡൗണിൽ നടക്കുന്ന തൊഴിലാളി സമരം നീളുന്നത്‌ ആശങ്കസൃഷ്‌ടിക്കുന്നു. അട്ടിമറിക്കൂലി ആവശ്യപ്പെട്ട്‌ ജോലിക്ക്‌ വരാതിരിക്കുകയും പൊതുവിതരണം തടസ്സപ്പെടുത്തുകയും ചെയ്‌ത കൊല്ലം ഗോഡൗണിലെ ആറ്‌ തൊഴിലാളികളെ  എഫ്‌സിഐ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഇതിനെതിരെ മറ്റു തൊഴിലാളികൾ കൂടി ജോലി ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇത്‌ കൊല്ലം, കൊട്ടാരക്കര താലൂക്കിലെ റേഷൻ  വിതരണത്തെ ബാധിച്ചു.
അട്ടിമറിക്കൂലി നിയമവിരുദ്ധമാണെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഫ്‌സിഐ ശമ്പളം പറ്റുന്ന കയറ്റിറക്ക്‌ തൊഴിലാളികൾക്ക്‌ മറ്റൊരു കൂലി നൽകാൻ പറ്റില്ലെന്ന്‌ സംസ്ഥാന സർക്കാരും കർശന നിലപാട്‌ സ്വീകരിച്ചു. കൊല്ലത്ത്‌ 63 കയറ്റിറക്ക്‌ തൊഴിലാളികളും 18 അനുബന്ധതൊഴിലാളികളും ആണുള്ളത്‌. ഇവർ എഫ്‌സിഐയിൽനിന്നും ശമ്പളം വാങ്ങുന്ന ഔദ്യോഗിക തൊഴിലാളികളാണ്‌. എന്നാൽ, ഇവർ 1985 മുതൽ അട്ടിമറിക്കൂലി വാങ്ങിവരികയായിരുന്നു. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ്‌ തൊഴിലാളികൾ നിയമവിരുദ്ധ കൂലി വാങ്ങിവന്നതെന്ന്‌ ആരോപണമുണ്ട്‌. 
കൊല്ലം ഗോഡൗണിൽ റേഷൻ കയറ്റിവിടുന്നത്‌ പൂർണമായി നിലച്ചിട്ട്‌ തിങ്കളാഴ്‌ച ഏഴു ദിവസമായി. കഴിഞ്ഞ ദിവസം ലോഡ്‌ കയറ്റാൻ ലോറികൾ എത്തിയെങ്കിലും തൊഴിലാളികൾ സഹകരിച്ചില്ല. ഇതിനെതിരെ ലോറിത്തൊഴിലാളികളും പ്രതിഷേധത്തിലാണ്‌. സംഭവത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കലക്ടർക്ക്‌ തിങ്കളാഴ്‌ച രേഖാമൂലം റിപ്പോർട്ടുനൽകി. നിലവിൽ എഫ്‌സിഐ കരുനാഗപ്പള്ളി ഗോഡൗണിനെ ആശ്രയിച്ച്‌ കൊല്ലം, കൊട്ടാരക്കര താലൂക്കിൽ റേഷൻ വിതരണം നടത്താൻ സിവിൽ സപ്ലൈസിന്‌ കഴിയുന്നുണ്ട്‌. 
അട്ടിമറിക്കൂലിക്ക്‌ 
എഫ്‌സിഐയും എതിര്‌
അട്ടിമറിക്കൂലിക്കെതിരെ ഹൈ ക്കോടതി വിധി വരികയും സംസ്ഥാന സർക്കാർ നിലപാട്‌ എടുക്കുകയും ചെയ്‌തതോടെ എഫ്‌സിഐ ഉദ്യോഗസ്ഥരും അട്ടിമറിക്കൂലിക്ക്‌ എതിരായി. എഫ്‌സിഐയിൽ നിന്നും ശമ്പളം വാങ്ങുന്ന കയറ്റിറക്ക്‌ തൊഴിലാളികൾ പുറത്തുനിന്നു അനധികൃതമായി പണം വാങ്ങരുതെന്നും ഇതിനെ പിന്തുണക്കില്ലെന്നും അധികൃതർ പറഞ്ഞു. റേഷൻ വിതരണം മുടക്കാൻ അനുവദിക്കില്ല. തൊഴിലാളികൾ വസ്‌തുത മനസിലാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
എത്തിക്കുന്നത്‌ 
15 ലക്ഷം കിലോ 
എഫ്‌സിഐ കൊല്ലം ഡിപ്പോയിൽ മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ എത്തിക്കുന്നത്‌ 15 ലക്ഷം കിലോ ഭക്ഷ്യധാന്യം. പഞ്ചാബ്‌, ആന്ധ്രാപ്രദേശ്‌, ഹരിയാന, മധ്യപ്രദേശ്‌, യുപി, രാജസ്ഥാൻ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്‌ വിളവെടുപ്പ്‌ സീസണിലും അല്ലാത്തപ്പോഴും പുഴുക്കലരി, പച്ചരി, ഗോതമ്പ്‌ എന്നിവ ഗുഡ്‌സ്‌ട്രെയിനിൽ കൊണ്ടുവരുന്നത്‌. ആവശ്യാനുസരണം ആണ്‌ ഓർഡർചെയ്യുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top