27 April Saturday

5 ദിവസം; 10,272 രോഗികൾ

സ്വന്തം ലേഖകൻUpdated: Saturday Jan 22, 2022

കൊല്ലം ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ കോവിഡ് പരിശോധനയ്ക്ക് എത്തിയവർ

കൊല്ലം
ആശങ്ക ഉയർത്തി ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം കുതിക്കുന്നു. രോ​ഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 38.7 ശതമാനമായും ഉയർന്നു. അഞ്ചുദിവസത്തിനിടെ 10,272 പേർക്കാണ് ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം 3000 കടന്നിരുന്നു. ബുധൻ–-1742, ചൊവ്വ–-1604, തിങ്കൾ–- 1264 എന്നിങ്ങനെയും കോവിഡ്‌ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച 2660 പേർക്കാണ്‌ രോഗബാധ. 2629 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 27 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനനിന്ന്‌ എത്തിയ ഒരാൾക്കും രോഗമുണ്ട്‌. 1259 പേർ രോഗമുക്തരായി. കോർപറേഷനിൽ 642 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി– --68, കൊട്ടാരക്കര– --60, പുനലൂർ– -59, പരവൂർ–--28 എന്നിങ്ങനെയാണ് രോഗികൾ. 
പഞ്ചായത്തുകളിൽ അഞ്ചൽ– --77, പത്തനാപുരം–- 74, ചവറ–-- 67, കല്ലുവാതുക്കൽ– --59, ഇളമാട്– -55, ഇടമുളയ്‌ക്കൽ– -47, മൈലം-– -45, ചാത്തന്നൂർ-–- 43, നെടുവത്തൂർ–-- 42, ഇളമ്പള്ളൂർ, ചിതറ 39 വീതം, ഏരൂർ, വെളിയം, പെരിനാട് 38 വീതം, മയ്യനാട് -37, കടയ്‌ക്കൽ, തഴവ, പന്മന 36 വീതം, തൃക്കോവിൽവട്ടം-–- 35, ഉമ്മന്നൂർ, പോരുവഴി 32 വീതം, തെന്മല -31, കരവാളൂർ, കുണ്ടറ, തൊടിയൂർ 29 വീതം, ഇട്ടിവ, ഓച്ചിറ 28 വീതം, കരീപ്ര, പൂതക്കുളം 27 വീതം, നെടുമ്പന -26, ശൂരനാട് വടക്ക്, പിറവന്തൂർ 25 വീതം, പവിത്രേശ്വരം–- 24, ആദിച്ചനല്ലൂർ–-- 23, കുലശേഖരപുരം, ശാസ്താംകോട്ട 22 വീതം, തേവലക്കര, വെട്ടിക്കവല 21 വീതം, അലയമൺ, കുളത്തൂപ്പുഴ, ചിറക്കര, വിളക്കുടി 20 വീതം, ആലപ്പാട്, മേലില 19 വീതം, ആര്യങ്കാവ്, കുളക്കട, തലവൂർ, വെളിനല്ലൂർ 18 വീതം, പട്ടാഴി–-17, കൊറ്റങ്കര, ചടയമംഗലം 16 വീതം, നിലമേൽ–--15, കുന്നത്തൂർ, കുമ്മിൾ, പേരയം 14 വീതം, എഴുകോൺ, ക്ലാപ്പന, പൂയപ്പള്ളി 13 വീതം, കിഴക്കേകല്ലട-–-12, ശൂരനാട് തെക്ക്–--11, പടിഞ്ഞാറെ കല്ലട, പനയം– -ഒമ്പത് വീതം, പട്ടാഴി വടക്കേക്കര–- എട്ട്, നീണ്ടകര– -ആറ്, തൃക്കരുവ–- അഞ്ച്, മൺറോതുരുത്ത്-– -നാല് എന്നിങ്ങനെയും രോഗികളുണ്ട്‌.
 
 
നിസ്സാരമായി 
കാണരുത്‌: മന്ത്രി
കൊല്ലം
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പൊതുജനങ്ങൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും നിലവിലുണ്ടെങ്കിലും നിസ്സാരമായി കാണുന്ന പ്രവണത പാടില്ല. അടിയന്തര സാഹചര്യം നേരിടാനുള്ള ആശുപത്രി സൗകര്യവും പ്രതിരോധ  സംവിധാനങ്ങളും ജില്ലയിൽ തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. 
സ്വകാര്യ ആശുപത്രികളിലടക്കം 50 ശതമാനം കിടക്ക ഒഴിച്ചിടുന്നതും പഞ്ചായത്തുകളിലെ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ  ക്രമീകരണവും ആവശ്യമാകുമെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സർക്കാർ നിർദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കുമെന്ന് കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. 
 മേയർ പ്രസന്ന ഏണസ്റ്റ്,  എ എം ആരിഫ് എംപി, സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, റൂറൽ ജില്ലാ പൊലീസ്‌ മേധാവി കെ ബി രവി, ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും സി ആർ മഹേഷ് എംഎൽഎയുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 
 
സമ്പർക്കം ഒഴിവാക്കി ആരോഗ്യനില അറിയാം
മെഡിക്കൽ ഉപകരണങ്ങൾ നൽകി ഐആർഇ
ചവറ
കോവിഡ്‌ രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി അവരുടെ ആരോഗ്യനില അറിയാനാകുന്ന മെഡിക്കൽ ഉപകരണങ്ങൾ നൽകി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഇന്ത്യൻ റെയർ എർത്ത്‌സ്‌ ലിമിറ്റഡ്‌ (ഐആർഇ). സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ 25- റിമോട്ട് ഹെല്‍ത്ത് മോണിറ്റര്‍ ഉപകരണങ്ങളാണ്‌  ജില്ലാ ആരോഗ്യവകുപ്പ്‌ അധികൃതർക്ക്‌ കൈമാറിയത്. 
കലക്ടര്‍ അഫ്‌സാന പര്‍വീൺ, ഡിഎംഒ ബിന്ദു മോഹൻ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി.  മെഡിക്കല്‍ ഓഫീസര്‍മാരായ മണികണ്ഠന്‍, സന്ധ്യ, മാസ് മീഡിയ ഓഫീസര്‍ ദിലീപ്, ഐആര്‍ഇ കമ്പനി ചീഫ് മാനേജര്‍ ഭക്തദര്‍ശന്‍, ഡെപ്യൂട്ടി മാനേജര്‍ അജികുമാര്‍ എന്നിവരും പങ്കെടുത്തു.
കോവിഡ് നിരീക്ഷണത്തിലുള്ളവർ ഈ ഉപകരണം ധരിക്കുന്നതിനാല്‍ ശരീരതാപം, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയവ ഡോക്ടറുടെ മൊബൈല്‍ ഫോണിലോ ആശുപത്രിയിലെ ഡിജിറ്റല്‍ സംവിധാനത്തിലോ എത്തിക്കാനാകും.  ഈ ഉപകരണം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇസിഐഎല്‍ ആണ് വികസിപ്പിച്ചത്.  
 
 
താലൂക്കുതല സ്‌ക്വാഡ്‌ പ്രവർത്തനം ഊർജിതം
കൊല്ലം 
കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ജില്ലയിൽ താലൂക്കുതല സ്ക്വാഡ്‌ പ്രവർത്തനം കൂടുതൽ ശക്തമാക്കി. ഓച്ചിറ, കരുനാഗപ്പള്ളി, തൊടിയൂർ, ആലപ്പാട്, ചവറ, തേവലക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡം ലംഘിച്ച 11 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. സാമൂഹിക അകലം പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും 36 പേർക്ക് താക്കീതും നൽകി. 
കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നീ വില്ലേജ് പരിധികളിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതിന്‌ 39 പേർക്ക്‌ താക്കീത് നൽകി.
കൊല്ലം തങ്കശ്ശേരി, വാടി, പള്ളിമുക്ക്, കൊട്ടിയം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാത്ത 42 പേർക്ക് താക്കീത് നൽകി. വ്യാപാരസ്ഥാപനങ്ങളിൽ മാനദണ്ഡം ലംഘിച്ചതിന് 25 കേസ്‌ എടുത്തു. 
കൊട്ടാരക്കര, പുത്തൂർ, പവിത്രേശ്വരം, താഴത്തുകുളക്കട ഭാഗങ്ങളിൽ 19 സ്ഥാപനത്തിൽ പരിശോധന നടത്തി. 12 സ്ഥാപനത്തിനു താക്കീത്‌ നൽകി. 
പത്തനാപുരം, മാങ്കോട്, ഇടത്തറ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ  21 വ്യക്തികൾക്കും 11 കടയ്‌ക്കും താക്കീതുനൽകി. പുനലൂർ താലൂക്ക് കോവിഡ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് കുളത്തൂപ്പുഴ മാർക്കറ്റ്, അഞ്ചൽ ബസ് സ്റ്റാൻഡ്, കരവാളൂർ ജങ്ഷൻ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top