26 April Friday

കോവിഡ്: പ്രതിരോധ 
പ്രവർത്തനവുമായി കോർപറേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
കൊല്ലം
കോർപറേഷൻ പരിധിയിൽ കോവിഡ് കേസ് വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന്‌ മേയർ പ്രസന്ന ഏണസ്റ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. 534 ആക്ടീവ് കേസാണ്‌ കോർപറേഷൻ അതിർത്തിയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്‌. പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ എല്ലാ ഡിവിഷനുകളിലും റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമിനെ പുനഃസംഘടിപ്പിക്കും. ഇതിനായി 21നും 22നും യോഗം ചേരും. കൗൺസിലർമാർ ചെയർമാനായും ഹെൽത്ത് ഇൻസ്‌പെക്ടർമാർ കൺവീനറായും ഉള്ള സമിതികൾ പ്രതിരോധം ഏകോപിപ്പിക്കും. നിലവിൽ ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സിഎഫ്‌എൽടിസിയിൽ 220 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷൈൻ കോംപ്ലക്സ്, പകൽവീടുകൾ എന്നിവിടങ്ങളിലടക്കം ആകെ 1000 രോഗികൾക്ക് കിടത്തി ചികിത്സയ്ക്കായുള്ള ക്രമീകരങ്ങൾ ഏർപ്പെടുത്തും. ഗുരുതരാവസ്ഥയിൽ ആകുന്നവരെ ചികിത്സിക്കുന്നതിനായി നിലവിൽ 500 പേരെ ചികിത്സിക്കുന്നതിനായി സിഎഫ്എൽടിസികൾ ഒരുക്കികഴിഞ്ഞു. പാലത്തറ, ഇരവിപുരം, ശക്തികുളങ്ങര, തൃക്കടവൂർ തുടങ്ങിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും, ടി എം വർ​ഗീസ്‌ മെമ്മോറിയൽ ഹാൾ, ന്യൂ ഹോക്കി സ്റ്റേഡിയം, മുണ്ടയ്ക്കൽ അർബൻ പിഎച്ച്സി, വാടി അർബൻ പിഎച്ച്സി, ഉളിയക്കോവിൽ അർബൻ പിഎച്ച്സി, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിൽ കോവിഡ് പരിശോധനയും വാക്സിനേഷൻ സെന്ററും ഒരുക്കിയിട്ടുണ്ട്. 
മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ, എന്നിവ പ്രോത്സാഹിപ്പിക്കാൻ  കോർപറേഷന്റെ എല്ലാ ഓഫീസുകളിലും ഘടക സ്ഥാപനങ്ങളിലും ബ്രേക്ക്‌ ദ ചെയിൻ  ക്യാമ്പയിൻ വ്യാപിപ്പിക്കും. മാസ്ക് ധരിക്കൽ, കൈ കഴുകൽ, സാമൂഹ്യഅകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ എന്നിവയ്ക്കായി കൂടുതൽ ബോധവൽക്കരണം നടത്തും. 
കൂടാതെ മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പകർച്ച വ്യാധികൾ തടയുന്നതിനായി 25-ന്‌ 55 ഡിവിഷനുകളിലും ഡ്രൈ ഡേ ആചരിക്കും. 
സ്വയം സംരക്ഷിതരായാൽ മാത്രമേ കോവിഡിനെ ചെറുക്കാനാകൂ. അതിനായി നിർബന്ധമായും മാസ്ക് ധരിക്കുകയും കൃത്യമായ അകലം പാലിക്കുക, നിശ്ചിത ഇടവേളകളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, സാനിറ്റൈസർ നടത്തി കൈ അണുവിമുക്തമാക്കുക എന്നിവ ശീലമാക്കണം. 

പൊതുപരിപാടികൾ, കല്യാണങ്ങൾ, ഗൃഹപ്രവേശം, ഉത്സവങ്ങൾ എന്നീ പരിപാടികളിൽ  75 പേർ മാത്രം പങ്കെടുക്കണം. മുനിസിപ്പാലിറ്റിയുടെ രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top